രഹ്ന ഫാത്തിമ ശബരിമലയ്ക്ക്,സുരക്ഷ തേടി പോലീസിനെ സമീപിച്ചു
കൊച്ചി:കഴിഞ്ഞ തവണ ശബരിമല ദര്‍ശനത്തിന് ശ്രമം നടത്തി പരാജയപ്പെട്ട രഹ്ന ഫാത്തിമ ഇത്തവണയും സന്നിധാനത്തേക്ക്.യാത്രയ്ക്ക് മുന്നോടിയായിശബരിമലയില്‍ പോകുന്നതിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രഹന ഫാത്തിമ കൊച്ചി ഐജി ഓഫിസിലെത്തി.
ജന്മദിനമായ 26ന് മാലയിടാനാണ് ഉദ്ദേശിക്കുന്നത്. നിയമമനുസരിച്ചാണ് താന്‍ ശബരിമലയ്ക്കു പോകുന്നതെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹന പറഞ്ഞു. കഴിഞ്ഞതവണ പോയതും നേരായ വഴിയിലൂടെ തന്നെയാണെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും രഹന വ്യക്തമാക്കി.ഇത്തവണ ശബരിമലയ്ക്ക് പോകാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പോലീസ് തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും രഹ്ന പ്രതികരിച്ചു.
കോടതി വിധിയില്‍ അവ്യക്ത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 10 വയസിനുമുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുന്നത്.കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പത്തോളം യുവതികളെ പോലീസ് പമ്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.