താമരശ്ശേരി: വ്യാഴാഴ്ച രാത്രി അടിവാരംമുതൽ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് കർശനനിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ അറിയിച്ചു. മൈസൂരു നഞ്ചൻഗോഡിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായി പോകുന്ന ട്രെയിലറുകൾ കടന്നുപോകുന്നതിനായാണ് മറ്റ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. 22-ന് രാത്രിയാത്രയ്ക്ക് ബദൽമാർഗങ്ങൾ പൊതുജനങ്ങൾ സ്വീകരിക്കണമെന്നാണ് നിർദേശം.
സെപ്റ്റംബർ പത്തിനെത്തിയ ലോറികൾ മൂന്നു മാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരിക്കയാണ്. ചുരംവഴി പോകുന്നത് ഗതാഗതതടസ്സമുണ്ടാക്കുമെന്നുകണ്ടെത്തി ജില്ലാ ഭരണകൂടം ഇവയുടെ യാത്ര തടയുകയായിരുന്നു. ചർച്ചകൾക്കുശേഷമാണ് ഇപ്പോൾ യാത്രാനുമതി നൽകിയത്. ജില്ലാഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം, 20 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി അധികൃതർ ഹാജരാക്കിയ ശേഷമാണ് യാത്രാത്തീയതി നിശ്ചയിച്ചത്.
വ്യാഴാഴ്ച രാത്രി എട്ട് മണി മുതല്‍ ജില്ലയില്‍ നിന്നും താമരശ്ശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഈ സമയം ചുരം വഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
- സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നും കല്‍പ്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും വ്യാഴാഴ്ച രാത്രി 8 മണി മുതല്‍ ബീനച്ചി- പനമരം വഴിയോ മീനങ്ങാടി -പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.
- സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകള്‍ രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകേണ്ടതാണ്.
- ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.
- രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല.
- ഇൻഡസ്ട്രിയൽ ഫിൽട്ടർ ഇന്റർ ചേംബർ വഹിക്കുന്ന ഓവർ ഡൈമൻഷണൽ മോഡുലാർ ഹൈഡ്രോളിക് ട്രെയ്‌ലറുകൾ ചുരംപാത കയറുന്ന അവസരത്തിൽ ആവശ്യമായ സഹായവും സാന്നിധ്യവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അടിവാരം-വയനാട് ചുരം സംരക്ഷണസമിതി, ഫയർഫോഴ്‌സ്, ഫോറസ്റ്റ് അധികൃതർ, കെ.എസ്.ഇ.ബി., പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് അധികൃതർ എന്നിവർക്ക് താമരശ്ശേരി ഡിവൈ.എസ്.പി. അഷ്‌റഫ് തെങ്ങിലക്കണ്ടി കത്തയച്ചു.