KeralaNews

മഹിളാ കോൺഗ്രസ് നേതാവ് വിബിത ബാബുവിനെതിരേ അമേരിക്കൻ മലയാളിയുടെ പരാതി

പത്തനംതിട്ട: മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. അമേരിക്കന്‍ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിയനാണ് കോണ്‍ഗ്രസ് നേതാവിനെതിരെ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. വിവിധഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയതായും ഇത് തിരികെ തരാതെ കബളിപ്പിച്ചെന്നുമാണ് പരാതിയിലെ ആരോപണം.

എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യം പരിചയപ്പെടുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് സാമ്പത്തികസഹായം ചോദിച്ചു. ഇതനുസരിച്ച് വിബിതയുടെയും പിതാവിന്റെയും പേരില്‍ പണം കൈമാറിയതായും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ 14.16 ലക്ഷം രൂപ വാങ്ങിയെടുത്തെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് പരാതിക്കാരന്റെ ആരോപണം.

19-ാം തീയതിയാണ് മഹിളാ കോണ്‍ഗ്രസ് നേതാവിനെതിരേ 75-കാരനായ സെബാസ്റ്റിയന്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അതേസമയം, തനിക്കെതിരേ വഞ്ചനാക്കേസ് നല്‍കിയ സെബാസ്റ്റ്യനെതിരേ വിബിത ബാബുവും പോലീസിനെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ പരാതി നല്‍കാന്‍ പോകുന്നതിന് മുമ്പ് ഇയാള്‍ ഓഫീസില്‍ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. തനിക്ക് വഴങ്ങിയില്ലെങ്കില്‍ പരാതി നല്‍കുമെന്ന് 75-കാരന്‍ ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നുണ്ട്.

തനിക്ക് ലഭിച്ച പണത്തിന്റെ ഒരുവിഹിതം നിയമോപദേശത്തിന്റെ പ്രതിഫലമാണെന്നാണ് വിബിത ബാബുവിന്റെ വിശദീകരണം. ബാക്കി പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പരാതിക്കാരന്‍ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും ഇവര്‍ പറയുന്നു. വിബിത ബാബുവിന്റെ പരാതിയില്‍ കടുത്തുരുത്തി സ്വദേശിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറിയാണ് വിബിത ബാബു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker