കാസര്‍കോട്: കാസര്‍കോട്ട് കഴിഞ്ഞദിവസം മരിച്ച ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖി(48)ന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്. യുവാവിന്റെ ഹൃദയധമനിയില്‍ അഞ്ച് ബ്ലോക്ക് ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. അതേസമയം റഫീഖിന്റെ കഴുത്തിന് പിടിച്ചതിന്റെ ചെറിയ പരിക്കും പോസ്റ്റ്മോര്‍ട്ടത്തില്‍ സുചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മരണകാരണമല്ലെന്നാണ് വിലയിരുത്തല്‍.
അതിനിടെ റഫീഖിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പരിയാരം സി എച്ച് സെന്ററില്‍ കുളിപ്പിച്ച് ദേളിയിലെ വീട്ടിലെത്തിച്ച ശേഷം ഖബറടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാസര്‍കോട് കിംസ് -അരമന ആശുപത്രി പരിസരത്ത് വെച്ച് റഫീഖ് മരിക്കുന്നത്.
കുമ്പള സ്വദേശിയായ സ്ത്രീയെ ശല്യം ചെയ്തുവെന്നാരോപിച്ച് റഫീഖും സ്ത്രീയും തമ്മില്‍ തര്‍കം നടന്നിരുന്നു. ഇതിനിടെയില്‍ സ്ത്രീ റഫീഖിനെ അടിച്ചതോടെ യുവാവ് സ്ഥലം വിട്ടു. ബഹളം കേട്ടെത്തിയവരോട് റഫീഖ് തന്നെ ശല്യപ്പെടുത്തിയ കാര്യം സ്ത്രീ അറിയിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ പിന്തുടര്‍ന്ന് പിടിച്ച് ആശുപത്രി പരിസരത്ത് കൊണ്ടുവന്നപ്പോഴേക്കും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇതിനിടെയില്‍ റഫീഖിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ സി സി ടി വി ദൃശ്യം പൊലീസ് പരിശോധിച്ചു. ഇതില്‍ ഉന്തും തള്ളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദേഹത്ത് പരിക്കും കണ്ടെത്താനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്ന് പോലീസ് സൂചിപ്പിക്കുകയും ചെയ്തിരുന്നു.