പറവൂരിൽ മൂന്നു വയസ്സുകാരിയുടെ ചെവികടിച്ചെടുത്ത നായയ്ക്ക് പേവിഷബാധ

കൊച്ചി: പറവൂരില്‍ മൂന്നു വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. നായ കുട്ടിയെ കടിച്ച ദിവസമായ ഞായറാഴ്ച തന്നെ ചത്തിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി മണ്ണുത്തിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ചെവി പിന്നീട് വച്ചുപിടിപ്പിച്ചു.

ക്ഷേത്രപരിസരത്ത് കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയുടെ വലതുചെവി തെരുവുനായ കടിച്ചെടുത്തത്. ശബ്ദംകേട്ട് കുട്ടിയുടെ അച്ഛനും പരിസരത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നവരും നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നായ ചാടിക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ ചെവിയുടെ ഭാഗം അറ്റ് നിലത്തുവീണു. തുടര്‍ന്ന് കുഞ്ഞിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വാക്‌സിനേഷനെടുത്തു.

ചെവിയുടെ അറ്റുപോയ ഭാഗം പ്ലാസ്റ്റിക് കവറിലാക്കി ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നാലെ രാത്രി വൈകി കുട്ടിയെ എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ചെവി പിന്നീട് പ്ലാസ്റ്റിക് സര്‍ജറി വഴി വച്ചുപിടിപ്പിച്ചു. സംഭവത്തില്‍ നാട്ടുകാരും യുവജന സംഘടനകളും വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിറ്റാറ്റുകര നീണ്ടൂര്‍ മേയ്ക്കാട്ട് വീട്ടില്‍ എം.എസ്. മിറാഷിന്റെയും വിനുമോളുടെയും മകളാണ് നിഹാര.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News