71-ാമത് മിസ് യൂണിവേഴ്‌സ് കിരീടം അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേലക്ക്. മിസ് വെനസ്വേല അമാന്‍ഡ ഡുഡാമെല്‍ രണ്ടാം സ്ഥാനവും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ആന്ദ്രെയ്‌ന മാര്‍ട്ടിനെസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയുടെ ദിവിത റായിയുടെ മത്സരം ആദ്യ 16-നുള്ളില്‍ അവസാനിച്ചു.
ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്റ്റ് എന്‍ മോറിയല്‍ കണ്‍വെഷന്‍ സെന്ററിലാണ് സൗന്ദര്യ മത്സരം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹര്‍നാസ് സന്ധു ആര്‍ ബോണി ഗബ്രിയേലിന് കിരീടം അണിയിച്ചു. ഇതിന് മുമ്പ് 1994-ല്‍ ഇന്ത്യയുടെ സുസ്മിത സെന്നും 2000-ത്തില്‍ ലാറ ദത്തയും വിശ്വ സുന്ദരിയായിരുന്നു.
അമേരിക്കന്‍ പൗരത്വമുള്ള ആര്‍ ബോണി ഗബ്രിയേല ഫിലിപ്പീന്‍സ് വംശജയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍-ഫിലിപ്പീന്‍സ് സുന്ദരി മിസ് യൂണിവേഴ്‌സ് കിരീടം നേടുന്നത്. 1994 മാര്‍ച്ച് 20-ന് ടെക്‌സാസിലെ സാന്‍ അന്റോണിയോയിലാണ് ബോണി ഗബ്രിയേല്‍ ജനിച്ചത്.
ബോണിയുടെ അച്ഛന്‍ റെമിഗിയോ ബോണ്‍സൊണ്‍ 25-ാം വയസ്സില്‍ ഫിലീപ്പിന്‍സില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം നേടാനായിരുന്നു ഈ കുടിയേറ്റം. ബോണിയുടെ അമ്മ ഡാന വാല്‍ക്കര്‍ അമേരിക്കന്‍ വംശജയാണ്.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ബോണിക്ക് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സുണ്ട്. ഫാഷന്‍ ഡിസൈനും മോഡലുമാണ് ഈ 28-കാരി. നോര്‍ത്ത് ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ആര്‍ ബോണി നോള എന്ന പേരിലുള്ള ക്ലോത്തിങ് ലൈനിന്റെ സി.ഇ.ഒയാണ്.