25.4 C
Kottayam
Sunday, May 19, 2024

നേപ്പാൾ വിമാന ദുരന്തം: വിമാനത്തിൽ 5 ഇന്ത്യക്കാർ, മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 6 കുട്ടികൾ;45 മൃതദേഹങ്ങൾ കണ്ടെത്തി

Must read

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നുവീണ യെതി എയര്‍ലൈന്‍സിന്റെ വിമാനത്തിലുണ്ടായിരുന്ന 72 പേരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാര്‍. കാഠ്മണ്ഡുവില്‍ നിന്ന് രാവിലെ 10.33-ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തില്‍ 62 മുതിര്‍ന്നവരും മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറ് കുട്ടികളുമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. 41 സ്ത്രീകളും 27 പുരുഷന്മാരുമാണ് യാത്രക്കാരിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 72 പേരില്‍ നാല് ജീവനക്കാരാണ്. ഇതില്‍ രണ്ടുപേര്‍ പൈലറ്റുമാരും രണ്ടുപേര്‍ എയര്‍ഹോസ്റ്റസുമാണ്. 15 വിദേശപൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് നേപ്പാള്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന 53 പേര്‍ നേപ്പാളി പൗരന്മാരാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ഇന്ത്യക്കാര്‍ക്ക് പുറമേ നാല് റഷ്യക്കാരും രണ്ട് കൊറിയന്‍ പൗരന്മാരും ഓരോ ഇറാന്‍, അര്‍ജന്റീന, ഫ്രഞ്ച് പൗരന്മാരും യാത്രക്കാരായി ഉണ്ടായിരുന്നെന്നാണ് വിവരം.

നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം വീണതിന് പിന്നാലെ തീ കത്തിപ്പടരുകയായിരുന്നു. വിമാനം മുഴുവനായി കത്തിയമര്‍ന്നുവെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുള്ളിലാണ് അപകടമുണ്ടാവുന്നത്. പൊഖ്‌റയില്‍ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനുമിടയില്‍ സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത്.

ആകാശത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നു. വീണ വിമാനത്തില്‍ നിന്ന് വലിയ പുകപടലം ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്. പൈലറ്റുമാരായ കമല്‍ കെ.സി., അഞ്ജു ഖതിവാദ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. എ.ടി.ആര്‍- 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ള വിമാനം അപകടത്തില്‍പ്പെടുന്നതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ജഗന്നാഥ് നിരൗല അറിയിച്ചു. ജനവാസകേന്ദ്രങ്ങളില്‍ നിന്ന് മാറി സേതി നദീതീരത്ത് വിമാനം തകര്‍ന്ന് വീണത് ആളപായം കുറച്ചുവെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week