KeralaNews

ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന്‍റെ പേരില്‍ ടീമിലെടുത്ത താരങ്ങളെ ആരാധകര്‍ മോശക്കാരായി ചിത്രീകരിക്കരുത്, സഞ്ജുവിന് ഒളിയമ്പുമായി അശ്വിന്‍

ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യക്കായി ഒറ്റ ഏകദിനത്തില്‍ പോലും കളിച്ചിട്ടില്ലാത്ത തിലക് വര്‍മയെ ഏഷ്യാ കപ്പ് ടീമിലെടുക്കുകയും ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തപ്പോള്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായാണ് ഉള്‍പ്പെടുത്തിയത്. അതുപോലെ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം സെലക്ടര്‍മാര്‍ അക്സര്‍ പട്ടേലിനാണ് ഏഷ്യാ കപ്പ് ടീമില്‍ അവസരം നല്‍കിയത്.

ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ മറുപടി നല്‍കിയത്. ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന്‍റെ പേരില്‍ ടീമിലെടുത്ത താരങ്ങളെ ആരാധകര്‍ മോശക്കാരായി ചിത്രീകരിക്കരുതെന്ന് അശ്വിന്‍ പറഞ്ഞു.

ഇന്ത്യയെ പോലെ വലിയൊരു രാജ്യത്തു നിന്ന് ഒരു ടീം സെലക്ട് ചെയ്യുമ്പോള്‍ ചിലപ്പോള്‍ ചില നിര്‍ണായക താരങ്ങള്‍ ഒഴിവാക്കപ്പെട്ടേക്കാം. പക്ഷെ അപ്പോഴും നിങ്ങളുടെ ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന്‍റെ പേരില്‍ ടീമിലെടുത്ത മറ്റ് താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്.

തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലെത്തിയത് ആദ്യ പന്ത് നേരിടുന്നത് മുതല്‍ അയാള്‍ പുറത്തെടുക്കുന്ന ബാറ്റിംഗ് മനോഭാവവും വ്യക്തതയും കൊണ്ടാണ്. അയര്‍ലന്‍ഡില്‍ ഇതുവരെ തിളങ്ങിയില്ലെങ്കിലും അയാളില്‍ ടീം മാനേജ്മെന്‍റിന് വിശ്വാസമുണ്ട്.

മധ്യനിരയില്‍ ബാക്ക് അപ്പായാണ് തിലകിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെയാണ് സൂര്യകുമാര്‍ യാദവിന്‍റെ കാര്യവും. ടി20 ക്രിക്കറ്റില്‍ ഇത്രയും മികച്ച റെക്കോര്‍ഡുള്ള സൂര്യയെ ഏകദിനത്തിലും ടീം പിന്തുണക്കുന്നതില്‍ എന്താണ് തെറ്റ്.

ലോകകപ്പ് നേടിയ ക്യാപ്റ്റന്‍മാരെയെല്ലാം നിങ്ങള്‍ നോക്കു, കളിക്കാരുടെ മികവില്‍ വിശ്വാസമര്‍പ്പിച്ചവരാണ് അവരെല്ലാം. അത് ധോണിയായാലും മറ്റ് ആരായാലും. ടി20 ക്രിക്കറ്റില്‍ സൂര്യ ഓരോ മത്സരത്തിലും ചെലുത്തുന്ന പ്രഭാവം തന്നെ നോക്കു. അതുകൊണ്ടാണ് സൂര്യയെ ഏകദിന ടീമിലും മാനേജ്മെന്‍റ് പിന്തുണക്കുന്നത്.

ഇഷ്ട താരത്തെ ടീമിലെടുക്കാത്തതിന് ആരാധകര്‍ തമ്മില്‍ നടത്തുന്ന വിമര്‍ശനവും പരിഹാസവും അധിക്ഷേപവുമെല്ലാം ഐപിഎല്ലിന്‍റെ ഭാഗമാണ്. ഐപിഎല്‍ കഴിഞ്ഞാല്‍ ഒരു തുണികൊണ്ട് ആ ഭാഗം മൂടിവെക്കു.

ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നവരെല്ലാം കളിക്കുന്നത് ഇന്ത്യക്കു വേണ്ടിയാണ്. വിരാട് കോലിക്കൊപ്പം സൂര്യകുമാര്‍ ബാറ്റ് ചെയ്യുമ്പോള്‍ മുംബൈ താരമായതുകൊണ്ട് നിങ്ങള്‍ സൂര്യ പിന്തുണക്കാതിരിക്കുകയോ സൂര്യകുമാര്‍ കളി ജയിപ്പിക്കണമെന്ന് ആഗ്രഹിക്കാതിരിക്കുകയോ ചെയ്യില്ലല്ലോ എന്നും അശ്വിന്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button