കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാലയിലെ (Kannur University) പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പരീക്ഷാ കണ്‍ട്രോളര്‍ പുറത്തേക്ക്. കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പി ജെ വിന്‍സന്റെ രാജിവയ്ക്കുമെന്ന് ഉറപ്പായി. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇന്ന് രാജിക്കത്ത് വൈസ് ചാന്‍സിലര്‍ക്ക് കൈമാറും.
യൂണിവേഴ്‌സിറ്റി ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന നിലപാട് ഗവര്‍ണര്‍ കടുപ്പിച്ചതോടെയാണ് പരീക്ഷാ കണ്‍ട്രോളറുടെ രാജിയെന്ന തീരുമാനത്തിലേക്കെത്തിയത്. സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപ്പേപ്പറാണ് 2020 തിലെതിന് സമാനമായി ആവര്‍ത്തിക്കപ്പെട്ടത്. കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വര്‍ഷം മാത്രം മാറ്റിയാണ് പരീക്ഷ നടത്തിയത്. വിവാദമായതോടെ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കി.
ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവം പഠിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചു. പരീക്ഷാ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കെതിരെ അന്വേഷണവും നടക്കുകയാണ്.
പേപ്പര്‍ തയാറാക്കുന്നതിലെ വീഴ്ച്ചയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ നിവേദനം നല്‍കിയിരുന്നു. സര്‍വ്വകലാശാല പഠന ബോര്‍ഡ് ചെയര്‍മാന്മാര്‍ നല്‍കുന്ന പാനലില്‍ നിന്നാണ് പരീക്ഷാ കണ്‍ട്രോളര്‍ ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ഒരു അധ്യാപകനെ നിയമിക്കുന്നത്
. ചോദ്യകര്‍ത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് (പഠന ബോര്‍ഡ്) ചെയര്‍മാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതില്‍ ഒരു ചോദ്യപേപ്പര്‍ ആണ് പരീക്ഷ കണ്‍ട്രോളര്‍ പരീക്ഷ ആവശ്യത്തിന് ഉപയോഗിക്കുന്നത്.
മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുതിയ ചോദ്യകര്‍ത്താവും, അത് പരിശോധിച്ച പഠന ബോര്‍ഡിന്റെ ചെയര്‍മാനും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ ആരോപിക്കുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സംഘര്‍ഷത്തിനും സര്‍വകലാശാലയ്ക്ക് അധിക ചെലവിനും കാരണമാവുന്നുണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.