തിരുവനന്തപുരം: കെ റെയിലിൽ ജനങ്ങളുടെ ഭൂമിയിൽ കടന്നുള്ള സംസ്ഥാന സർക്കാരിന്റെ കല്ലിടലിനെതിരെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനോട് ഭൂമി നഷ്ടമാകുന്ന ഗൃഹനാഥന്‍റെ ചോദ്യം. തിരുവനന്തപുരം അഴൂർ പഞ്ചായത്തിലെ കെ റെയിൽ പ്രതിഷേധക്കാരെ കാണാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനോട് ഭൂമി നഷ്ടപ്പെടുന്നയാൾ ചോദ്യമുന്നയിച്ചത്. നടപടിയെടുക്കാൻ സ്ഥലം കാണാൻ പോകേണ്ടതില്ലല്ലോയെന്നും, കേന്ദ്രത്തിന് ഒരു ഉത്തരവ് ഇറക്കിയാൽ പോരെയെന്നും ചോദ്യമുയർന്നു.
കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നും, ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞാണ് വി മുരളീധരൻ കാര്യങ്ങൾ വിശദീകരിച്ചത്. കേന്ദ്ര സർക്കാരും ബിജെപിയും ഒപ്പമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. കെ റെയിലിൽ ഭൂമി നഷ്ടപ്പെടുന്നവരെ നേരിട്ട് സന്ദർശിക്കുന്നതിന്റെ ഭാഗമായ പ്രതിരോധ യാത്രക്കിടെയായിരുന്നു സംഭവം. തിരുവനന്തപുരം അഴൂർ പഞ്ചായത്തിലെ ഇടഞ്ഞിമൂലയിലെ സന്ദർശനത്തിൽ നിരവധി കുടുബങ്ങളാണ് സംസ്ഥാന സർക്കാരിന്റെ കല്ലിടലിനെതിരെ പ്രതിഷേധം അറിയിച്ചത്.
അതേസമയം കെ റെയിൽ പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ ഒപ്പം സർക്കാരുണ്ടാകുമെന്ന് പാർട്ടി കോൺഗ്രസ് സമാപന വേദിയിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകി. പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുടെ തെറ്റിദ്ധാരണ മാറ്റും. സിൽവർ ലൈനിനെ എതിർക്കാൻ കോ ലി ബി സഖ്യം രംഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് സി പി എം. ഈ പാർട്ടി രക്ഷിക്കുമെന്നതാണ് ജനങ്ങളുടെ വികാരം എന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രായോഗികത കൂടി പരിശോധിച്ച് മാത്രമേ അനുമതി നല്‍കൂവെന്നും റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഡിപിആറിലെ അവ്യക്തത ചോദ്യം ചെയ്ത് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പട്ട രേഖകള്‍ കെ റെയില്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ റെയില്‍വേ ബോര്‍ഡിന് മുന്‍പിലുള്ളത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ്. അലൈന്‍മെന്‍റ് പ്ലാന്‍ എവിടെ? പദ്ധതിക്ക് വേണ്ട റയില്‍വേ ഭൂമിയെത്ര, സ്വകാര്യ ഭൂമിയെത്ര, നിലവിലെ റയില്‍വേ ശൃംഖലയില്‍ എവിടെയൊക്കെ സില്‍വര്‍ ലൈന്‍ പാത മുറിച്ചു കടക്കുന്നു. ഡിപിആറുമായി ബന്ധപ്പെട്ട് റയില് ബോര്‍ഡ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കെ റെയില്‍ ഇനിയും മറുപടി നല്‍കിയിട്ടില്ല. തത്വത്തില്‍ ഉള്ള അനുമതി മാത്രമേ പദ്ധതിക്കുള്ളൂവെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് കുമാര്‍ ത്രിപാഠി കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കഴിഞ്ഞ നാലിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
പദ്ധതി ചെലവിന്‍റെ വിശദാംശങ്ങളും കൈമാറിയിട്ടില്ല. അറുപത്തി മൂവായിരത്തിലധികം കോടി രൂപ പദ്ധതിക്ക് ചെലവാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കണക്ക് കൂട്ടുമ്പോള്‍ ഒരു ലക്ഷം കോടിയിലധികം രൂപ ചെലവ് വന്നക്കുമെന്നാണ് റയില്‍വേയുടെ കണക്ക് കൂട്ടല്‍. പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയും പരിഗണന വിഷയമാണെന്ന് റയില്‍വേ ബോര്‍ഡ് അടിവരയിടുന്നു. പദ്ധതിക്കായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മടങ്ങിയെങ്കിലും കേന്ദ്രം അനുകൂല നിലപാടറിയിച്ചിട്ടില്ല. നൂലാമാലകള്‍ ഏറെയുള്ള സങ്കീര്‍ണ്ണപദ്ധതിയെന്നാണ് റയില്‍വേ മന്ത്രി പാര്‍ലമെന്‍റില്‍ ഒടുവില്‍ നടത്തിയ പ്രസ്താവനയിലും വ്യക്തമാക്കിയത്. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയിലും കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിന്‍റെ പേരില്‍ സംസ്ഥാനം സംഘര്‍ഷഭൂമിയാകുമ്പോള്‍, പഠനാനുമതിക്കായി സര്‍ക്കാര്‍ റയില്‍വേയെ സമീപിച്ചിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.