1000 കോടി ക്ലബിൽ ആര്‍ആര്‍ആര്‍,സ്വപ്നനേട്ടം കൈവരിച്ച മൂന്നാമത് ഇന്ത്യൻ ചിത്രം
ഇന്ത്യന്‍ സിനിമകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തുന്ന ചിത്രങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നാണ്. അതില്‍ പ്രധാനമായിരുന്നു രാജമൗലിയുടെ ആര്‍ആര്‍ആര്‍ (RRR). ആ പ്രതീക്ഷകള്‍ സാധൂകരിക്കുമെന്ന് ആദ്യദിന കളക്ഷനില്‍ നിന്നുതന്നെ പ്രതീക്ഷ ഉയര്‍ത്തിയ ചിത്രം ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ ഒരു പ്രധാന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ (1000 Crore club) ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഒരു ഇന്ത്യന്‍ സിനിമ മൂന്നാം തവണയാണ് ഈ സ്വപ്നനേട്ടം സ്വന്തമായിരിക്കുന്നത്. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് 1000 കോടിയിലേറെ നേടിയ മറ്റു രണ്ട് ചിത്രങ്ങള്‍.
ഇതില്‍ ദംഗലിന്‍റെ ആഗോള ഗ്രോസ് 2024 കോടിയും ബാഹുബലി 2ന്‍റേത് 1810 കോടിയും ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ബജ്റംഗി ഭായ്ജാന്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് തന്നെ 710 കോടി ആയിരുന്നു. ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ ഗ്രോസ് 560 കോടിയും ആയിരുന്നു. കൊവിഡിനു ശേഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ആദ്യവാര കളക്ഷന്‍ ആയിരുന്നു ഇത്. ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളായിരുന്ന സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായി കത്തിയവാഡി എന്നിവയേക്കാളൊക്കെ മുകളിലാണ് ഈ ആദ്യ വാര കളക്ഷന്‍.
1000 crore is a dream run for a film from India. We made our best for you, and you in return showered us with your priceless love.
— RRR Movie (@RRRMovie) April 10, 2022
Thank you Bheem @tarak9999 fans, Ramaraju @AlwaysRamCharan fans and audience across the world. #1000CroreRRR ❤️
An @ssrajamouli film. @DVVMovies pic.twitter.com/V3nnAGdf2e
തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയായിരുന്നു. ഹിന്ദി പതിപ്പ് ആയിരുന്നു ആദ്യദിന കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി. കൂടാതെ വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ആദ്യവാരം ചിത്രത്തിന് ലഭിച്ചത്. ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ലോകമാകെ 10,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
ചരിത്രത്തിലെ യഥാർത്ഥ കഥാപാത്രങ്ങളായ കൊമരം ഭീമിന്റെയും സീതാരാമ രാജുവിന്റെയും സാങ്കൽപ്പിക കഥാസന്ദർഭങ്ങളിലേക്ക് പറിച്ചുനട്ടാണ് രാജമൗലി ആർആർആറിന്റെ കഥാപ്രപഞ്ചം ഒരുക്കിയത്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലമാണ് കഥയുടെ പശ്ചാത്തലം. കുയിൽനാദം പോലുള്ള ശബ്ദം അനുഗ്രഹമായി കിട്ടിയ ഗോണ്ട് ഗോത്രത്തിലെ ഒരു പെൺകുട്ടിയെ ബ്രിട്ടീഷ് കുടുംബം പിടിച്ചുകൊണ്ടുപോവുന്നു. കാടിന്റെ ആ സംഗീതത്തെ അവർ കൊട്ടാരത്തിനകത്തിട്ട് പൂട്ടുന്നു. ആ കുട്ടിയെ രക്ഷിക്കാനെത്തുകയാണ് ഭീം (ജൂനിയർ എൻടിആർ). അതേ സമയം, എതിർചേരിയിൽ ഇന്ത്യക്കാരനാണെങ്കിലും ബ്രിട്ടീഷുകാരോട് ചായ്‌വുള്ള രാമരാജു എന്ന പൊലീസുദ്യോഗസ്ഥനായി രാംചരണുമുണ്ട്. ആളറിയാതെ ഭീമിനും രാമരാജുവിനും ഇടയിൽ ആഴമേറിയൊരു സൗഹൃദമുടലെടുക്കുന്നതും പിന്നീടുണ്ടാവുന്ന കുറേ നാടകീയമായ സംഭവങ്ങളുമാണ് ആർആർആർ പറയുന്നത്.
അഗ്നി- ജലം-മണ്ണ് എന്നീ ബിംബങ്ങളെ ചിത്രത്തിൽ അതിസമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട് രാജമൗലി. എന്തിനെയും ചുട്ടുചാമ്പലാക്കാൻ മാത്രം പ്രതികാരവാഞ്ച ഉള്ളിൽ സൂക്ഷിക്കുന്ന തീ പോലെ ജ്വലിക്കുന്ന രാമരാജു. ജലത്തിന്റെ നിർമലതയും ശാന്തതയുമുള്ള ഭീം, അതേസമയം ഒരു കടൽക്ഷോഭം തന്നെ ഉള്ളിൽ അടക്കിയിട്ടുണ്ട് അയാൾ. രാം ചരണിന്റെയും ജൂനിയർ എൻടി ആറിന്റെയും കരിയർ ബെസ്റ്റ് പ്രകടനമാണ് ആർആർആറിൽ കാണാനാവുക. ആക്ഷൻ സീനുകളിലും നൃത്തരംഗങ്ങളിലും ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കുന്നുണ്ട്. എന്നാൽ പ്രകടനത്തിന്റെ കാര്യമെടുക്കുമ്പോൾ എൻടിആറിനേക്കാളും ഒരുപടി മുകളിൽ കഥാഗതിയിൽ പ്രാധാന്യം ലഭിക്കുന്നത് രാംചരണിനാണ്. സീത എന്ന കഥാപാത്രത്തിന് ആലിയ ഭട്ടിനെ പോലെ ഒരു താരത്തിന്റെ ആവശ്യകതയുണ്ടായിരുന്നോ എന്ന് സംശയമാണ്. അജയ് ദേവ്ഗൺ, സമുദ്രകനി, ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
വേഗതയും അപാരമായ ഊർജ്ജവും രാജമൗലിയുടെ നായകന്മാരുടെ പ്രത്യേകതയാണ്, ബാഹുബലിയും പൽവാർ ദേവനുമൊക്കെ അത്തരത്തിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ആർആർആറിൽ എത്തുമ്പോൾ ‘വേഗതയും ഊർജ്ജവും’ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. എൻടിആറിന്റെയും രാംചരണിന്റെയും ചടുലതയും പ്രസരിപ്പും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. ഇതിനകം തന്നെ ട്രെൻഡായി കഴിഞ്ഞ നാട്ടുകൂട്ടം ഡാൻസൊക്കെ തിയേറ്ററിലുണ്ടാക്കുന്ന ഓളം ചെറുതല്ല. ചിത്രത്തിന്റെ കൊറിയോഗ്രാഫിയും കയ്യടി അർഹിക്കുന്നുണ്ട്.
മൂന്ന് മണിക്കൂർ ആറ് മിനിറ്റോളം ദൈർഘ്യമുണ്ട് ചിത്രത്തിന്. ഈ ദൈർഘ്യവും കഥാഗതി പലയിടത്തും പ്രവചിക്കാനാവുമെന്നതും രണ്ടാം പകുതിയുടെ പതിയെ പോക്കുമാണ് ചിത്രത്തിന്റെ പോരായ്മയായി എടുത്തു പറയാവുന്ന ഘടകങ്ങൾ. കെ.വി.വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് സംവിധായകനായ രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയത്. എന്നാൽ, തന്നിലെ തിരക്കഥാകൃത്തിനു സംഭവിച്ച നൂനതകളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിയാൻ അനുവദിക്കാതെ, മേക്കിംഗ് മികവിലൂടെ, ഒരു കൺകെട്ട് അഭ്യാസിയുടെ കൗശലത്തേടെ അതിനെയെല്ലാം മറികടക്കുകയാണ് രാജമൗലി എന്ന സംവിധായകൻ.
എം.എം.കീരവാണിയുടെ സംഗീതമാണ് ആർആർആറിന്റെ നട്ടെല്ല്. കെ കെ സെന്തിൽ കുമാറിന്റെ ക്യാമറയും ഒരു ദൃശ്യപ്രപഞ്ചമൊരുക്കുകയാണ്. സാബു സിറിലിന്റെ ആർട്ട് വർക്കുകൾ സൃഷ്ടിക്കുന്ന ആമ്പിയൻസിനെ മാജിക്കൽ എന്നേ വിശേഷിപ്പിക്കാനാവൂ. ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് ഈ പവർപാക്ക് എന്റർടെയിനർ ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഡിവിവി ധനയ്യയാണ് ഈ ബ്രഹ്മാണ്ഡചിത്രത്തിന്റെ നിർമാതാവ്.
മേക്കിംഗ്, സിനിമോട്ടോഗ്രാഫി, സംഗീതം, നടീനടന്മാരുടെ പവർപാക്ക് പെർഫോമൻസ് എന്നിവ കൊണ്ട് ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു മികച്ച എന്റർടെയിനറാണ് ആർ ആർ ആർ.