InternationalNews

ഡെന്മാർക്ക് രാജ്ഞി സ്ഥാനമൊഴിയുന്നു; പ്രഖ്യാപനം പുതുവത്സരത്തിൽ

കോപ്പന്‍ഹേഗന്‍: സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് ഡെന്മാര്‍ക്ക് രാജ്ഞി മാര്‍ഗ്രേത II. പുതുവത്സരവേളയില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് 83 വയസ്സുകാരിയായ രാജ്ഞി ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരി 14-ന് സ്ഥാനമൊഴിയുമെന്നും മൂത്തമകനും രാജകുമാരനുമായ ഫ്രഡറിക് പിന്‍ഗാമിയായി എത്തുമെന്നും മാര്‍ഗ്രേത II വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രാജ്ഞിയുടെ പ്രഖ്യാപനം.

അച്ഛനും രാജാവുമായിരുന്ന ഫ്രഡറിക് IX-ന്റെ മരണത്തിന് പിന്നാലെ 1972-ലാണ് മാര്‍ഗ്രേത II, ഡെന്മാര്‍ക്കിന്റെ രാജ്ഞിപദത്തിലെത്തുന്നത്. തുടര്‍ന്ന് 52 കൊല്ലം സ്ഥാനംവഹിച്ചു. 2022 സെപ്റ്റംബറില്‍ ബ്രിട്ടനിലെ എലിസബത്ത് II അന്തരിച്ചതോടെ, യൂറോപ്പില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന ചക്രവര്‍ത്തിനി എന്ന നേട്ടം മാര്‍ഗ്രേത II-ന് സ്വന്തമായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ശസ്ത്രക്രിയയ്ക്ക് രാജ്ഞി വിധേയ ആയിരുന്നു. അടുത്ത തലമുറയ്ക്ക് അധികാരം കൈമാറുന്നതിനെ കുറിച്ചുള്ള ആലോചനയിലേക്ക് നയിക്കുന്നതിന് ആ ശസ്ത്രക്രിയ സ്വാഭാവികമായും കാരണമായെന്ന് പ്രസംഗത്തിനിടെ രാജ്ഞി പറഞ്ഞു. രാജ്ഞിയുടെ സ്ഥാനമൊഴിയല്‍ വാര്‍ത്ത ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സെന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

1940 ഏപ്രില്‍ 16-നാണ് മാര്‍ഗ്രേത II-ന്റെ ജനനം. ഡെന്മാര്‍ക്കിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിത്വങ്ങളില്‍ മുന്‍പന്തിയിലാണ് ഇവരുടെ സ്ഥാനം. തുടര്‍ച്ചയായി പുകവലിക്കുന്ന ശീലക്കാരിയായിരുന്ന രാജ്ഞി, പലപ്പോഴും അകമ്പടിയില്ലാതെ കോപ്പന്‍ഹേഗന്‍ തെരുവുകളിലൂടെ സഞ്ചരിക്കുക പതിവായിരുന്നു. ഭാഷാപണ്ഡിത, ഡിസൈനര്‍ എന്നീ നിലകളിലും ശ്രദ്ധേയ ആയിരുന്നു. ഡെന്മാര്‍ക്കില്‍, തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനും സര്‍ക്കാരിനുമാണ് ഔദ്യോഗിക അധികാരമുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button