ദോഹ: ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ. ഇറാൻ അയച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും തടഞ്ഞതായും വ്യോമസേന രണ്ട് പോർ വിമാനങ്ങളെ വെടിവെച്ചിട്ടതായും ഖത്തർ സർക്കാർ അറിയിച്ചു. ‘ഭീഷണിയെന്ന് കണ്ടെത്തിയ ഉടൻ തന്നെ നേരിട്ടു, എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വെടിവെച്ചിട്ടു’, ഖത്തർ മന്ത്രാലയം കൂട്ടിച്ചേർത്തു.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഖമനേയി കൊല്ലപ്പെട്ടത് ഇറാന് വലിയ തിരിച്ചടിയായി. ഇതെ തുടർന്ന് ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ഗൾഫ് രാജ്യങ്ങളിലേക്ക് യുദ്ധവിമാനം അയച്ചത് യുദ്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
ഇറാൻ അറബ് രാജ്യങ്ങളെ ആക്രമിക്കുന്ന പശ്ചാത്തലത്തിൽ ഖത്തറിന് റഷ്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും ഫോണിൽ സംസാരിച്ചു. ഖത്തർ അമീറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചവിവരം പുറത്തുവിട്ടത്. ഏതുരീതിയിലുമുള്ള സഹായവും പിന്തുണയും നൽകാനുള്ള സന്നദ്ധത അറിയിച്ചു. സംഘർഷങ്ങൾക്ക് അയവുവരുത്താനും സുരക്ഷയും സ്ഥിരതയും നിലനിർത്താനുമുള്ള നയതന്ത്രശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രധാന്യവും ചർച്ച ചെയ്തു. ഐക്യദാർഢ്യത്തിനും സഹായസന്നദ്ധതയ്ക്കും ഖത്തർ അമീർ പുതിനോട് നന്ദി അറിയിച്ചു.
അതിനിടെ, ഇറാന്റെ ആക്രമണങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കാൻ തയ്യാറാണെന്ന് ഫ്രാൻസ് അറിയിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റാണ് ഫ്രാൻസിന്റെ പിന്തുണ അറിയിച്ചത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മിസൈലുകളും ഡ്രോണുകളും മനഃപൂർവം ലക്ഷ്യംവെച്ചത് ഗൾഫ് രാജ്യങ്ങളെയാണ്. സഖ്യരാജങ്ങൾ അവർ തിരഞ്ഞെടുക്കാത്ത ഒരു യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ്, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസ് പൂർണപിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.
The Qatari Ministry of Defense announced that its Air Force shot down two Iranian Sukhoi Su-24 fighter jets on Monday as they breached Qatari airspace. Additionally, Qatari air defense systems successfully intercepted seven ballistic missiles and five drones targeting various locations, including Doha. This marks the first time a Gulf nation has directly engaged and downed manned Iranian aircraft since the massive escalation began. Qatar reiterated its right to protect its sovereignty and urged residents to remain calm while adhering to official safety instructions.


