സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല,കൈയിൽ പണമില്ല, നിലമ്പൂരിൽ മത്സരിക്കാനില്ല -പി.വി. അൻവർ

ഷൗക്കത്ത് എങ്ങനെ സ്ഥാനാര്‍ഥിയായി,സതീശനെ പറ്റിച്ചതാര്; എല്ലാം തുറന്ന് പറയും- അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ അതിനുള്ള പണമില്ലെന്നും അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻ‌വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിന്‍റെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു. 

എന്നെ സ്വീകരിക്കേണ്ട ചില വ്യക്തികൾ അതിന് തയ്യാറായിട്ടില്ല. അൻവറിനെ തോൽപ്പിക്കാനാണ് അവരുടെ നീക്കം. ഞാൻ ഇറങ്ങി വന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി, വേറെ ആർക്കും വേണ്ടി അല്ലെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചത്. പക്ഷെ സിപിഐഎം പിന്നീട് വർഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാർട്ടി കൈവിട്ടു. സാധാരണക്കാർക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താൻ അധിക പ്രസംഗി ആയത്. അത് തുടരുമെന്നും സാധാരണക്കാർക്ക് വേണ്ടി സംസാരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

യുഡിഎഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്നും കുഞ്ഞാലിക്കുട്ടിയാണ് ഇടപെടുന്നത്. സതീശനെ നേരത്തെ കണ്ടപ്പോൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കാം എന്ന് പറഞ്ഞു. ഇതുവരെ ഒന്നും പ്രഖ്യാപിച്ചില്ല. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അൻവർ പറഞ്ഞു. ഈ തവണ മലയോര ജനതയുടെ പ്രശ്നമാണ് പ്രധാനം. അതുകൊണ്ട് ജോയിയെ സ്ഥാനാർത്ഥി ആക്കണമെന്ന് പറഞ്ഞു. അല്ലാതെ ഒരു സ്ഥാനാർത്ഥിയേയും എതിർത്തിട്ടില്ല. താൻ പിന്തുണച്ചിട്ടും ഷൗക്കത്ത് തൊറ്റാൽ എന്ത് ചെയ്യും. അതുകൊണ്ടാണ് എതിർത്തതെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News