KeralaNews

‘ആരും കളിയാക്കരുത്, അദ്ദേഹം ഇന്നര്‍ നോസ് എയര്‍ ഫില്‍ട്ടര്‍ ധരിച്ചിട്ടുണ്ട്’; ചെന്നിത്തലയെ ട്രോളി പി.വി അന്‍വര്‍

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ ഉദ്യോഗസ്ഥരോടൊപ്പം നടക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രത്തെ ട്രോളി പി.വി അന്‍വര്‍ എം.എല്‍.എ. പ്രതിപക്ഷ നേതാവ് മാസ്‌ക് ധരിക്കാതെ പോകുന്നതല്ലെന്നും മിതിഗേഷന്‍ മെതേഡ് അനുസരിച്ചുള്ള ഇന്നര്‍ നോസ് എയര്‍ ഫില്‍ട്ടര്‍ ധരിച്ചിട്ടുണ്ടെന്നുമാണ് പി.വി അന്‍വര്‍ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം.

പോസ്റ്റിന്റെ പൂര്‍ണ രൂപം

‘മാസ്‌ക്കില്ലാതെ പോവുകയല്ല..മിറ്റിഗേഷന്‍ മെതേഡ് അനുസരിച്ചുള്ള’ഇന്നര്‍ നോസ് എയര്‍ ഫില്‍ട്ടര്‍ ധരിച്ചിട്ടുണ്ട്..പ്രതിപക്ഷ നേതാവിനെ ഇതിന്റെ പേരില്‍ ആരും കളിയാക്കരുത്..അദ്ദേഹം എന്നും..എക്കാലവും ആ സ്ഥാനത്ത് തന്നെ തുടരും..ആശംസകള്‍,’ പി.വി അന്‍വര്‍ ഫേസ്ബുക്കിലെഴുതി.

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് പതിന്നാലിന നിര്‍ദ്ദേശങ്ങള്‍ നല്‍കി ചെന്നിത്തല രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പി.വി അന്‍വറിന്റെ പ്രതിഷേധം.

അതേസമയം സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ കനത്ത വര്‍ധനവുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞദിവസം 13,644 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചു. ശൈലജ ടീച്ചര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെടല്‍ നടത്തുമെന്ന് അവര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button