ഇറാനൊപ്പം റഷ്യയുണ്ട്’: പൂർണ്ണ പിന്തുണയുമായി പുടിൻ; ആണവ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അമേരിക്ക

സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗ്: യുദ്ധത്തിന്റെ കെടുതികളിലൂടെ കടന്നുപോകുന്ന ഇറാന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. റഷ്യയിലെ സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിന്‍ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും റഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ഇറാന്‍ ജനത നിലവില്‍ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പുടിന്‍ നിരീക്ഷിച്ചു. എന്നാല്‍ രാജ്യം ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും എത്രയും വേഗം സമാധാനം പുലരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി അയച്ച സന്ദേശത്തിന് പുതിന്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതല്‍ കരുത്തോടെ തുടരാനാണ് മോസ്‌കോ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനത്തിനായി റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് പുടിന്‍ പറഞ്ഞതായി ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായും അരാഗ്ചി കൂടിക്കാഴ്ച നടത്തിയേക്കും.

തിങ്കളാഴ്ച രാവിലെ റഷ്യയിലെത്തിയ അബ്ബാസ് അരാഗ്ചി, അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇറാനും റഷ്യയും തമ്മിലുള്ള നിരന്തരമായ കൂടിയാലോചനകളുടെ പ്രാധാന്യം എടുത്തുപറഞ്ഞു. അമേരിക്കയും ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞുവെന്നും, രാജ്യം സുസ്ഥിരമായ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ ഇറാന്റെ പക്ഷത്ത് ഉറച്ചുനിന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപ്രധാനമായ പങ്കാളിത്തം’ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമാന്‍, പാകിസ്ഥാന്‍ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ഇപ്പോള്‍ റഷ്യയില്‍ എത്തിയിരിക്കുന്നത്. ഈ സന്ദര്‍ശനം പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് വഴിമരുന്നിടുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നത്.

ചര്‍ച്ചകള്‍ക്കായുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥന ടെഹ്റാന്‍ പരിശോധിച്ചുവരികയാണെന്ന് അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച പറഞ്ഞു. അദ്ദേഹത്തിന്റെ ടെലിഗ്രാം അക്കൗണ്ടിലെ പോസ്റ്റ് ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്ക വിഭാവനം ചെയ്ത ‘ലക്ഷ്യങ്ങളൊന്നും കൈവരിക്കാന്‍ കഴിയാത്തതിനാലാണ് ‘ ട്രംപ് ചര്‍ച്ചകള്‍ക്കായി ശ്രമിക്കുന്നതെന്ന് റഷ്യയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അരാഗ്ചി പറഞ്ഞു.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫിനെയും ജാരെഡ് കുഷ്നറെയും ഇസ്ലാമാബാദിലേക്ക് അയക്കാനുള്ള തീരുമാനം ട്രംപ് റദ്ദാക്കി. ചര്‍ച്ചകള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇറാന് തന്നെ സമീപിക്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനോട് ആണവ വിഷയത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ പാടില്ലെന്നും യുഎസ് ആവര്‍ത്തിച്ചു. ഹോര്‍മുസ് തുറക്കണമെന്ന് യുഎന്‍ മേധാവിയും ആവശ്യപ്പെട്ടു.

Russian President Vladimir Putin has pledged full support to Iran, stating that Russia will stand by its ally to overcome any crisis. This commitment follows a strategic letter from Iran’s Supreme Leader, leading to a high-level meeting between Putin and Iranian Foreign Minister Abbas Araghchi. While Iran explores the possibility of talks with the US, it remains firm on its nuclear program. Meanwhile, the US has warned that it will not compromise on nuclear issues and strongly opposes Iran’s proposal to impose tolls in the Strait of Hormuz.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News