പഞ്ചാബ്-രാജസ്ഥാന്‍ മത്സരം ആരംഭിച്ചത് സൈന്യത്തിന് ആദരമർപ്പിച്ചുകൊണ്ട്; സഞ്ജു മടങ്ങിയെത്തി,പഞ്ചാബിനെതിരെ രാജസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

പഞ്ചാബ്-രാജസ്ഥാന്‍ മത്സരം ആരംഭിച്ചത് സൈന്യത്തിന് ആദര്‍മർപ്പിച്ചുകൊണ്ട്

ജയ്പുര്‍: സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ്, സൂപ്പർ കിങ്സ് പഞ്ചാബ് ടീമുകൾ ഇന്ത്യന്‍ സായുധ സേനയ്ക്ക് ആദരമര്‍പ്പിച്ചു. ദേശീയഗാനത്തിനൊപ്പം ഗാലറി ഒന്നടങ്കം എഴുന്നേറ്റു നിന്ന് രാജ്യത്തിന് രക്ഷാകവചമേകുന്നവര്‍ക്ക് ആദരമേകി. സ്റ്റേഡിയത്തിലെ സ്‌ക്രീനുകളില്‍ ‘സായുധ സേനയ്ക്ക് നന്ദി’ എന്ന് തെളിയുകയും ചെയ്തു.

പാകിസ്താനുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ പുനഃരാരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ മത്സരമാണ് രാജസ്ഥാന്‍-പഞ്ചാബ് പോരാട്ടം. ശനിയാഴ്ചയാണ് മത്സരം പുനഃരാരംഭിച്ചതെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടം ടോസ് പോലും ഇടാതെ മഴ കാരണം ഉപേക്ഷിച്ചിരുന്നു.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിച്ചതിന് ഇന്ത്യന്‍ സായുധ സേനയ്ക്ക് ടോസിനിടെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നന്ദി പറയുകയും ചെയ്തിരുന്നു. ‘രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ഞങ്ങളെ സുരക്ഷിതമായ ഒരു സ്ഥാനത്ത് എത്തിക്കുകയും ചെയ്ത സൈനികര്‍ക്ക് അഭിനന്ദനങ്ങള്‍’ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചശേഷം ടോസ് സമയത്ത് ശ്രേയസ് അയ്യര്‍ പറഞ്ഞു.

ന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ 220 റൺസ് വിജയലക്ഷ്യമുയർത്തി പഞ്ചാബ് കിങ്സ്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. 37 പന്തുകളിൽ അഞ്ചു വീതം സിക്സുകളും ഫോറുകളും പറത്തി 70 റൺസെടുത്ത നേഹൽ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ശശാങ്ക് സിങ് (30 പന്തിൽ 59) അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ (25 പന്തിൽ 30), പ്രബ്സിമ്രൻ സിങ് (10 പന്തിൽ 21), അസ്മത്തുല്ല ഒമർസായി (ഒൻപതു പന്തിൽ 21) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. അവസാന ഓവറുകളിൽ തകർത്തടിച്ച ശശാങ്ക് സിങ്ങും അസ്മത്തുല്ല ഒമർസായിയും ചേർന്നാണ് പഞ്ചാബിനെ 200 കടത്തിയത്. ഐപിഎൽ അരങ്ങേറ്റ മത്സരം കളിക്കുന്ന പഞ്ചാബിന്റെ ഓസ്ട്രേലിയന്‍ ഓൾ റൗണ്ടർ മിച്ചൽ ഒവൻ പൂജ്യത്തിനു പുറത്തായി. രാജസ്ഥാനു വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ക്വെന മഫാക, റിയാന്‍ പരാഗ്, ആകാശ് മധ്‍വാൾ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

പ്ലേ ഓഫ് പ്രതീക്ഷകൾ ഇല്ലാതായ രാജസ്ഥാൻ അവസാന രണ്ടു കളികളും ജയിച്ച് സീസൺ അവസാനിപ്പിക്കാനാണു ശ്രമിക്കുന്നത്.12 കളികളില്‍ മൂന്നെണ്ണം മാത്രം ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പ്ലേ ഓഫ് കാത്തിരിക്കുന്ന പഞ്ചാബ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. 11 കളികൾ പൂർത്തിയാക്കിയ പഞ്ചാബ് ഏഴ് വിജയങ്ങൾ സ്വന്തമാക്കി.

രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മിയർ, ധ്രുവ് ജുറേൽ, വാനിന്ദു ഹസരംഗ, ക്വെന മഫാക, തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്‍വാൾ, ഫസൽഹഖ് ഫറൂഖി.

പഞ്ചാബ് കിങ്സ് പ്ലേയിങ് ഇലവൻ– പ്രബ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), മിച്ചൽ ഓവൻ, നേഹൽ വധേര, ശശാങ്ക് സിങ്, അസ്മത്തുല്ല ഒമർസായി, മാർകോ യാൻസൻ, സേവ്യർ ബാർട്‍ലറ്റ്, അർഷ്ദീപ് സിങ്, യുസ്‍വേന്ദ്ര ചെഹൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News