33.4 C
Kottayam
Monday, May 6, 2024

വരുമാനത്തിൻ്റെ ഏറിയ പങ്കും സഹജീവികൾക്കായി പങ്കുവെച്ച മഹാനുഭാവൻ,മരിച്ച ശേഷം കണ്ണുകളും ദാനം ചെയ്തു,പുനീത് വെറുമൊരു സൂപ്പർ താരമല്ല

Must read

ബംഗളുരു:അഭിനയിച്ച സിനിമകളുടെ എണ്ണമെടുത്താല്‍ മറ്റു പല കന്നഡ താരങ്ങളെക്കാളും ലിസ്റ്റില്‍ താഴെയാണ് പുനീത്. ബാലതാരമായി അഭിനയിച്ചത് കൂട്ടിയാലും അന്‍പതില്‍ താഴെ ചിത്രങ്ങള്‍ മാത്രം. എന്നിട്ടും ഈ തലമുറ സാന്‍ഡല്‍വുഡ് താരങ്ങളില്‍ മറ്റാരെക്കാളും പ്രേക്ഷകപ്രീതി നേടി. എക്കാലത്തെയും വലിയ കന്നഡ സൂപ്പര്‍താരം രാജ്‍കുമാറിന്‍റെ മകന്‍ എന്നതും മികച്ച അഭിനേതാവ് എന്നതുമായിരുന്നു രണ്ട് കാരണങ്ങള്‍. എന്നാല്‍ പ്രേക്ഷകരുടെ ഈ പ്രീതിക്ക് പിന്നില്‍ മൂന്നാമതൊരു കാരണം കൂടി ഉണ്ടായിരുന്നു. സമൂഹത്തോട് അത്രയും ബന്ധപ്പെട്ടുജീവിച്ച താരമായിരുന്നു അദ്ദേഹം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വരുമാനത്തിന്‍റെ ഒരു ഭാഗം നീക്കിവെക്കാന്‍ മടി കാട്ടാതിരുന്ന ആള്‍.

കൊവിഡ് ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്‍റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്‍കി. നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‍കൂളുകള്‍ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.

അച്ഛന്‍ ഡോ: രാജ്‍കുമാറിന്‍റെ പേരിലുള്ള ട്രസ്റ്റ് വഴിയും ഒട്ടേറെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. സ്‍കൂളുകള്‍ക്കൊപ്പം അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കുവേണ്ടിയും അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ക്യാംപെയ്‍നുകളുടെയും ഭാഗമായിട്ടുണ്ട് പലപ്പോഴും പുനീത്. കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ബോധവത്‍കരണത്തിനായി 2013ല്‍ സര്‍വ്വശിക്ഷാ അഭിയാന്‍റെ അംബാസഡര്‍ ആയിരുന്നു അദ്ദേഹം. മരിക്കുമ്പോഴും തന്‍റെ മറ്റൊരാഗ്രവും നിറവേറ്റിയാണ് പുനീത് രാജ്‍കുമാര്‍ മടങ്ങുന്നത്. അച്ഛനെപ്പോലെ മരണശേഷം നേത്രദാനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ബംഗളൂരുവിലെ നാരായണ നേത്രാലയയിലൂടെയാണ് നേത്രദാനം നടക്കുക. രണ്ട് പേര്‍ക്ക് കാഴ്ച പകര്‍ന്നാണ് പ്രേക്ഷകലക്ഷങ്ങളുടെ പ്രിയതാരത്തിന്‍റെ മടക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week