പൂനെ: മഹാരാഷ്ട്രയെ നടുക്കിയ കേതൻ അഗർവാൾ കൊലപാതകക്കേസിൽ പ്രതിയായ മകൾ സിയ ഗോയലിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചാണ് അമ്മ പൂജ ഗോയൽ സംസാരിച്ചത്. “ഇവരിൽ ആരെങ്കിലും കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ നിയമം നൽകുന്ന ഏറ്റവും ശക്തമായ ശിക്ഷ തന്നെ നൽകണം; അത് എന്റെ സ്വന്തം മകളാണെങ്കിൽ പോലും. അവൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ, കേതനെ താഴേക്ക് എറിഞ്ഞു കൊന്ന ലോഹഗഡ് കോട്ടയിലെ അതേ സ്ഥലത്തുനിന്ന് അവളെയും താഴേക്ക് എടുത്തെറിയണം,” പൂജ ഗോയൽ പറഞ്ഞു. കേതന്റെ കുടുംബം സിയയെ അത്രത്തോളം സ്നേഹത്തോടെയാണ് കണ്ടിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സിയയുടെയും കേതന്റെയും വിവാഹത്തിനായി ഇരു കുടുംബങ്ങളും വലിയ ഒരുക്കങ്ങളിലായിരുന്നു. വിവാഹനിശ്ചയത്തിന് ശേഷം സിയ കേതനുമായി മാത്രമാണ് സംസാരിച്ചിരുന്നതെന്നും, ചേതൻ എന്നൊരാളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും അമ്മ വ്യക്തമാക്കി. വിവാഹ കാര്യത്തിൽ സിയയ്ക്ക് എന്തെങ്കിലും വിയോജിപ്പോ പ്രശ്നങ്ങളോ ഉണ്ടായിരുന്നുവെങ്കിൽ അത് മാതാപിതാക്കളായ തങ്ങളോട് ചർച്ച ചെയ്യണമായിരുന്നു. ആഡംബര വിവാഹത്തിനായുള്ള ചടങ്ങുകളെല്ലാം പുരോഗമിക്കുന്നതിനിടെയാണ് ഈ ക്രൂരത നടന്നത്. സിയ കുറ്റം സമ്മതിച്ചതായി തങ്ങൾ കരുതുന്നില്ലെന്നും എന്നാൽ അന്വേഷണത്തിൽ തെളിവുകൾ പുറത്തുവന്നാൽ ശിക്ഷിക്കണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്.
മകളുടെ ആഗ്രഹപ്രകാരം രാജസ്ഥാനിലെ ഉദയ്‌പൂരിൽ മൂന്ന് കോടി രൂപയുടെ ആഡംബര റിസോർട്ട് ആണ് വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നത്. ഇതുവരെ വിവാഹ ഒരുക്കങ്ങൾക്കായി മാത്രം അഞ്ച് കോടിയോളം രൂപ സിയയുടെ മാതാപിതാക്കൾ ചെലവിട്ടിരുന്നു. മകൾ ആസൂത്രിത കൊലപാതകക്കേസിലെ പ്രതിയാണെന്ന വാർത്തയറിഞ്ഞ സിയയുടെ പിതാവ് പ്രവീൺ ഗോയൽ കടുത്ത മാനസികാഘാതത്തെ തുടർന്ന് ഹൃദയാഘാതം വന്ന് ആശുപത്രിയിലായി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പ്രവീൺ ഗോയലും മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 18-നാണ് പൂനെയെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. ലോഹഗഡ് കോട്ടയിൽ പ്രതി സിയയോടൊപ്പം ട്രക്കിംഗ് യാത്ര നടത്തുന്നതിനിടെ കേതൻ അഗർവാൾ അബദ്ധത്തിൽ മലയിടുക്കിൽ വീണ് മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ലോണാവാല റൂറൽ പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഇതൊരു അപകടമരണമായിട്ടാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ ലോഹഗഡ് കോട്ടയിലെ ടിക്കറ്റ് കൗണ്ടറിലെയും പരിസരങ്ങളിലെയും സിസിടിവി (CCTV) ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ലഹരി വിൽപനക്കാരനായ കാമുകനൊപ്പം ചേർന്ന് സിയ നടത്തിയ ആസൂത്രിത കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സിസിടിവി ദൃശ്യങ്ങളിൽ കേതനും സിയയ്ക്കുമൊപ്പം മറ്റൊരു യുവാവ് കൂടി കോട്ടയിലേക്ക് കയറിപ്പോയതായി പോലീസ് കണ്ടെത്തിയിരുന്നു. സിയയുടെ കാമുകനായ ചേതൻ എന്ന യുവാവായിരുന്നു ഇത്. വിവാഹത്തിൽ നിന്നും പിന്മാറാനും കേതന്റെ സ്വത്ത് കൈക്കലാക്കാനും വേണ്ടി സിയയും കാമുകനും ചേർന്ന് കേതനെ കോട്ടയുടെ മുകളിൽ വെച്ച് മാരകമായി പരിക്കേൽപ്പിച്ച ശേഷം അഗാധമായ മലയിടുക്കിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ സിയയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
English Summary
In a dramatic turn of events in the Ketan Agarwal murder case, the parents of the prime accused, Siya Goyal, have demanded the harshest punishment for their daughter if proven guilty. Visibly shattered, Siya’s mother, Pooja Goyal, stated that if Siya is convicted of killing her fiancé, she should be thrown off the same cliff at Lohagad Fort where Ketan was pushed to death. The family revealed they had already spent ₹5 crores on wedding preparations, including booking a ₹3 crore resort in Udaipur. Upon hearing the shocking news of his daughter’s involvement in the pre-planned murder alongside her lover Chetan, Siya’s father, Praveen Goyal, suffered a heart attack and has been hospitalized. Ketan’s death on June 18 was initially dismissed as a trekking accident, but CCTV footage from the Lohagad Fort ticket counter exposed the sinister murder plot.


