തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. സെക്രട്ടേറിയറ്റ് പടിയ്ക്കലേക്ക് ശവമഞ്ചവും ചുമന്നുകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം. പത്ത് ദിവസത്തിലേറെയായി നിരാഹാര സമരം കിടന്നിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്ളവരാണ് ശവമഞ്ചം ചുമന്ന് പ്രതിഷേധിക്കുന്നത്.
സി.പിഒ റാങ്ക് പട്ടികയില്‍ എസ്.എഫ്.ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതോടെ സര്‍ക്കാര്‍ നിയമനം വൈകിപ്പിച്ചിരുന്നു. കൊവിഡ് കാലത്തിനിടെ കാലാവധി കഴിഞ്ഞതോടെ പട്ടിക റദ്ദാക്കുകയായിരുന്നു. ‘ഓരോ ഫയലിലും ഓരോ ജീവിതമാണ്, ഇനിയൊരു അനു കേരളത്തിലുണ്ടാവില്ല’ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താണ് പ്രതിഷേധ മാര്‍ച്ച്.
ഉദ്യേഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരപ്പന്തലില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയത് ആവേശമായി. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഫോര്‍മുലയും ഉമ്മന്‍ ചാണ്ടി മുന്നോട്ടുവച്ചു. ലാസ്റ്റ് ഗ്രേഡ് സര്‍വീസ് റാങ്ക് ലിസ്റ്റ് ഒന്നര വര്‍ഷം കൂടി നീട്ടണം. സി.പി.ഒ പട്ടികയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി കോടതിയില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കണം. കോടതി അനുമതിയോടെ ഒരു വര്‍ഷം കൂടി നീട്ടണം. നാഷണല്‍ ഗെയിംസ് ജേതാക്കള്‍ക്കും ജോലി നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ 134 റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കിയെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഓരോ വകുപ്പുകള്‍ തിരിച്ചുള്ള പട്ടിക വൈകാതെ പുറത്തുവിടും. 33 ലിസ്റ്റ് ഒന്നര വര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 200ല്‍ ഏറെ ആളുകള്‍ക്ക് കൂടി ജോലി കിട്ടിയേനെ. മുഴുവന്‍ ലിസ്റ്റുകളും പരിശോധിക്കുമ്‌ബോള്‍ ആയിരത്തിലേറെ പേര്‍ക്ക് ജോലി കിട്ടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പുതിയ ലിസ്റ്റ് ഇല്ലെങ്കില്‍ പഴയത് നീട്ടുകയായിരുന്നു സര്‍ക്കാര്‍ നയം. ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രം യു.ഡി.എഫ് സര്‍ക്കാരിനുണ്ട്. യു.ഡി.എഫിന്റെ കാലത്ത് പണം വാങ്ങിയെന്ന് തെളിയിക്കാന്‍ വിജയരാഘവന് വെല്ലുവിളിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലിസ്റ്റ് നീട്ടിയതിന് പണം വാങ്ങിയെന്നാണ് വിജയരാഘവന്റെ പരാമര്‍ശം. ഒരാളെ കൊണ്ടെങ്കിലും പണം നല്‍കിയെന്ന് പറയിപ്പിക്കാന്‍ വിജയരാഘവനെ വെല്ലുവിളിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.