അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി! പ്രധാനാധ്യാപകന് വധശിക്ഷ; മറ്റൊരു അധ്യാപകന് ജീവപര്യന്തം തടവ്

പട്ന: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. പട്നയിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സ്‌കൂളിലെ അദ്ധ്യാപകന്‍ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാള്‍ 50000 രൂപ പിഴയും അടയ്ക്കണം.

പട്നയിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി അവധേഷ് കുമാറാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന അരവിന്ദ് കുമാറും അദ്ധ്യാപകനായ അഭിഷേക് കുമാറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 2018ലാണ് കേസിന് ആധാരമായ സംഭവം നടന്നത്.

2018 സെപ്റ്റംബറില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ച്ചയായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 11കാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് പ്രിന്‍സിപ്പലും അദ്ധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News