NationalNews

‘അഭിമാന നിമിഷം, ഐസ്ആര്‍ഒയ്ക്ക് നന്ദി’; ചന്ദ്രയാന്‍ 3 നേട്ടത്തില്‍ പ്രകാശ് രാജ്

ബെംഗലൂരു:ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്‍റെ കുറിപ്പ്- “ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐഎസ്ആര്‍ഒയ്ക്കും ചന്ദ്രയാന്‍ 3 നും വിക്രം ലാന്‍ഡറിനും ഇത് യാഥാര്‍ഥ്യമാക്കാന്‍ സംഭാവന ചെയ്ത ഓരോരുത്തര്‍ക്കും നന്ദി. പ്രപഞ്ചത്തിന്‍റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ”, പ്രകാശ് രാജ് കുറിച്ചു.

ഏതാനും ദിവസം മുന്‍പ് വിക്രം ലാന്‍ഡറില്‍ നിന്ന് അയച്ച ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രമെന്ന തലക്കെട്ടോടെ പ്രകാശ് രാജ് ട്വീറ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. ചായ അടിക്കുന്ന ഒരാളുടെ ചിത്രമായിരുന്നു ഇത്.

ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കർണാടകയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ പ്രകാശ് രാജിനെതിരെ ഇത് സംബന്ധിച്ച് കേസും എടുത്തിരുന്നു. എന്നാല്‍ ചന്ദ്രനിലെത്തിയാലും ചായക്കട നടത്തുന്ന ഒരു മലയാളി കാണുമെന്ന തമാശക്കഥയാണ് താന്‍ ഉദ്ദേശിച്ചതെന്ന് വിശദീകരണവുമായി അദ്ദേഹം എത്തിയിരുന്നു. അതേസമയം പ്രകാശ് രാജിന്‍റെ പുതിയ ട്വീറ്റും ട്വിറ്ററില്‍ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.

അതേസമയം ഇന്നോളം ഒരു രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനിറ്റുകള്‍ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button