മാലി : അന്താരാഷ്ട്ര യോഗാ ദിനത്തിനോട് അനുബന്ധിച്ച് ഇന്ന് മാലിദ്വീപിൽ നടന്ന യോഗാദിന പരിപാടി ഒരു സംഘം ആളുകൾ തടസപ്പെടുത്തി. മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷനും യുവജന, കായിക, കമ്മ്യൂണിറ്റി ശാക്തീകരണ മന്ത്രാലയവും യുഎൻ മാലിദ്വീപും ചേർന്നാണ് യോഗ ദിന പരിപാടി സംഘടിപ്പിച്ചത്. ആളുകൾ യോഗ ചെയ്യുന്നതിനിടെ ഗലോലു സ്റ്റേഡിയത്തിലേക്ക് ഒരു ജനക്കൂട്ടം ഇരച്ചുകയറുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
യോഗയ്ക്കിടെ അക്രമസംഭവം അരങ്ങേറുമ്പോൾ മാലിദ്വീപ് യുവജന, കായിക മന്ത്രി, ഇന്ത്യൻ ഹൈക്കമ്മീഷണർ, മാലിദ്വീപ് വിദേശകാര്യ സെക്രട്ടറി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കാൻ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. അക്രമികളെ ഒഴിപ്പിച്ച ശേഷമാണ് പരിപാടി തുടരാനായത്.
യോഗാദിന പരിപാടിയിൽ അതിക്രമമുണ്ടായ സംഭവത്തിൽ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉത്തരവാദികളെ ഉടൻ കണ്ടെത്തുമെന്നും ഉറപ്പ് നൽകി.
സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും മാലിദ്വീപ് മുൻ പ്രസിഡന്റ് യമീനും അദ്ദേഹത്തിന്റെ പാർട്ടിയായ പിപിഎമ്മും സംഭവത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ടയാളാണ് യമീൻ.