28.9 C
Kottayam
Friday, May 31, 2024

ബി.എ യോഗ്യതയുള്ളയാളെ സര്‍വകലാശാല വി.സിയാക്കി താലിബാന്‍; രാജിവെച്ചത് 70 അധ്യാപകര്‍, പ്രതിഷേധം

Must read

കാബൂൾ: താലിബാൻ സർക്കാർ കാബൂൾ യൂണിവേഴ്സിറ്റിയിൽ നിയമിച്ച പുതിയ വി.സിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിലൊന്നായ കാബൂൾ യൂണിവേഴ്സിറ്റിയിലാണ് താലിബാൻ സർക്കാർ നിലവിലെ വി.സിയെ മാറ്റി തങ്ങളുടെ അനുഭാവിയായ മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെ നിയമിച്ചത്. എന്നാൽ കാബൂൾ യൂണിവേഴ്സിറ്റി പോലൊരു ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ വൈസ് ചാൻസിലറായി ഇരിക്കാൻ യാതൊരു യോഗ്യതയുമില്ലാത്തയാളാണ് മുഹമ്മദ് അഷ്റഫ് ഗൈറാത്തെന്ന് ആരോപിച്ച് പ്രൊഫസർമാരുൾപ്പടെ 70ഓളം അധ്യാപകർ രാജി സമർപ്പിച്ചതായാണ് വിവരം.

താലിബാൻ സർക്കാർ വി.സിയായി നിയമിച്ച മുഹമ്മദ് അഷ്റഫ് ഗൈറാത്തിന് കേവലം ബി.എ ബിരുദം മാത്രമാണ് യോഗ്യതായി ഉള്ളതെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറിയപ്പെടുന്ന പണ്ഡിതനും പി.എച്ച്ഡി യോഗ്യതയുള്ള മുഹമ്മദ് ഒസ്മാൻ ബാബുരിയെ മാറ്റിയാണ് താലിബാൻ ഇദ്ദേഹത്തെ നിയമിച്ചത്. രാജ്യത്ത് നേരത്തെ താലിബാൻ സർക്കാർ അധികാരത്തിലിരുന്നപ്പോൾ സർവകലാശാല അസസ്മെന്റ് സമിതി അധ്യക്ഷൻ ആയിരുന്നു ഗൈറാത്ത്.

സാമൂഹിക മാധ്യമങ്ങളിലും കാബൂൾ യൂണിവേഴ്സിറ്റിയിലെ വി.സി നിയമനം വലിയ വിവാദങ്ങൾക്ക് കാരണമായി. നേരത്തെ രാജ്യത്ത് നടന്ന മാധ്യമപ്രവർത്തകരുടെ കൊലപാതകത്തെ ന്യായീകരിച്ച് കൊണ്ട് ഗൈറാത്ത് ചെയ്ത ട്വീറ്റുകൾ പലരും റീട്വീറ്റ് ചെ്തു. വിഷയത്തിൽ പ്രതികരിച്ച് അഷ്റഫ് ഗൈറാത്തും നിരവധി ട്വീറ്റുകൾ ചെയ്തിട്ടുണ്ട്. വിമർശകർ തന്റെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വലിയ അക്കാദമിക്ക് പരിചയമുള്ള ഒസ്മാൻ ബാബുരിയെ മാറ്റി കൃത്യമായ വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തയാളെ നിയമിച്ചതിൽ അഫ്ഗാനിലെ അക്കാദമിക് സമൂഹവും എഴുത്തുകാരും പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ ഇദ്ദേഹത്തെ താൽക്കാലിക വൈസ് ചാൻസിലർ ആയാണ് നിയമിച്ചത് എന്നും ഏത് സമയത്തും ഇക്കാര്യത്തിൽ മാറ്റം വരാമെന്നും കാബൂൾ യൂണിവേഴ്സിറ്റി അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week