തിരുവനന്തപുരം: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎൽഎ കെ ബാബു. അദ്ദേഹം സംസ്ഥാന സർക്കാരിന് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകി. മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി എകെ ശശീന്ദ്രനുമാണ് കത്ത് നൽകിയത്. നാളെ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
അതേസമയം അരിക്കൊമ്പനെ പിടികൂടുന്നത് തിങ്കളാഴ്ചക്ക് ശേഷമായിരിക്കും എന്നാണ് വിവരം. അരിക്കൊമ്പൻ മിഷനിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വിളിച്ചുകൂട്ടും. അതിനു ശേഷം നടപടി തുടങ്ങും. മോക്ഡ്രിൽ ഉണ്ടാകില്ലെന്നും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് ചെയ്യുകയെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
അരിക്കൊമ്പന് ഘടിപ്പിക്കേണ്ട സാറ്റലൈറ്റ് റേഡിയോ കോളർ ലഭിക്കുന്നത് വൈകിയാൽ ദൗത്യം നീളും എന്നാണ് വിവരം. നിലവിൽ അസമിൽ മാത്രമാണ് സാറ്റലൈറ്റ് റേഡിയോ കോളർ ഉള്ളത്. സംസ്ഥാന വനം വകുപ്പിന്റെ കൈവശമുള്ള ജിഎസ്എം റേഡിയോ കോളർ പറമ്പിക്കുളത്ത് ഉപയോഗിക്കാനാവില്ലെന്നതാണ് പ്രയാസം. ഈ വെല്ലുവിളികൾക്കിടയിലാണ് നെന്മാറ എംഎൽഎയുടെ നേതൃത്വത്തിൽ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ജനകീയ പ്രതിഷേധം ആരംഭിക്കുന്നത്.