‘കോടികൾ കിട്ട്യാലും വേണ്ട മോനേ, ആ കുട്ടിയെ പെങ്ങളായി കണ്ട് വേണം സാക്ഷി പറയാൻ’ അമ്മയുടെ വാക്കുകൾ ശിരസാ വഹിച്ച സാക്ഷി, നടിയെ ആക്രമിച്ച കേസിൽ ഈ തെളിവും കോടതി അവഗണിച്ചു

dileep

കാഞ്ഞങ്ങാട്: അമ്മ തന്ന 500 രൂപയെടുത്ത് വണ്ടി കയറും കൊച്ചിയിലേക്ക്. സാക്ഷിവിസ്താരം പിറ്റേദിവസവുമുണ്ടാകുമെന്ന് വക്കീൽ പറയുമ്പോൾ, മനസ്സിൽ ആകുലതയാണ്. അവിടെ ലോഡ്ജിൽ മുറിയെടുക്കാനും ഭക്ഷണം കഴിക്കാനും കാശ് തികയില്ല. തിരികെ വീട്ടിലേക്ക് വണ്ടി കയറി പിറ്റേന്ന് പുലർച്ചെ വീണ്ടും കൊച്ചിയിലേക്ക് തിരിക്കും. അമ്മ ആവർത്തിച്ചുപറയുന്ന ഒരു കാര്യമുണ്ട്, ‘കോടികൾ കിട്ട്യാലും വേണ്ട മോനേ, ആ കുട്ടിയെ പെങ്ങളായി കണ്ട് വേണം സാക്ഷി പറയാൻ’- നടിയെ അക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായ വിപിൻലാൽ വിതുമ്പുന്നു.

കേസിലെ 121-ാം സാക്ഷിയായിരുന്നു പരേതനായ ബാലകൃഷ്ണന്റെയും ലതയുടെയും മകനായ വിപിൻലാൽ. ചെക്ക്‌ കേസിലകപ്പെട്ട വിപിൻലാൽ കാക്കനാട് സബജയിലിൽ റിമാൻഡിൽ കഴിയവെയാണ് നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയും മറ്റു പ്രതികളും ആ ജയിലിലെത്തുന്നത്. പൾസർ സുനിക്ക് ഒരു കത്തെഴുതിക്കൊടുക്കണമെന്ന് ജയിലധികൃതർ പറഞ്ഞതുപ്രകാരം വിപിൻലാൽ എഴുതിക്കൊടുത്തു. ആ കത്ത് ദിലീപിനുള്ളതാണെന്ന് വ്യക്തമായെന്നാണ് വിപിൻലാലിന്റെ സാക്ഷിമൊഴി. ഇതിനുപിന്നാലെ നിരന്തരഭീഷണി ഉണ്ടായതിനെത്തുടർന്ന് കൊച്ചിയിൽനിന്ന്‌ അമ്മവീടായ ബേക്കൽ മലാംകുന്നിലേക്ക് താമസം മാറ്റേണ്ടിവന്നു ഇയാൾക്ക്‌.

കടുത്ത സമ്മർദത്തിനിടയിലും പാതിയിൽ മുറിഞ്ഞ പഠനം മുന്നോട്ടുകൊണ്ടുപോയ വിപിൻലാൽ ബിഎ ചരിത്രത്തിൽ കണ്ണൂർ സർവകലാശാലയിൽനിന്ന്‌ ഒന്നാം റാങ്ക് നേടി. ‘ഇഗ്നോ’യിൽനിന്ന്‌ എംഎ പൂർത്തിയാക്കി ഇപ്പോൾ ഭാരതിയാർ സർവകലാശാലയിൽ ’ശ്രീനാരായണഗുരു: സനാതനധർമം, മാതൃകാമാറ്റം’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ്.

വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിന് കെ.ബി.ഗണേഷ്‌കുമാറിന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന പ്രദീപ് കോട്ടാത്തലയെ ബേക്കൽ പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. വിപിൻലാൽ വാർത്തകളിൽ നിറഞ്ഞപ്പോൾ ഇവിടെ പഠിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കാസർകോട്ടെ സമാന്തര വിദ്യാഭ്യാസസ്ഥാപനം കൈയൊഴിഞ്ഞിരുന്നു. ‘പിന്നീട് റാങ്ക് കിട്ടിയപ്പോൾ പത്രത്തിൽ വന്ന വാർത്ത കണ്ടാണ് നാട്ടുകാർ എന്നെ മനസ്സിലാക്കിയത്. പുറത്താക്കിയ കോളേജിൽ അധ്യാപകനാകാൻ ക്ഷണിച്ചു. അവിടെ രണ്ടുവർഷം പഠിപ്പിച്ചു’ -വിപിൻലാൽ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരും ധൈര്യം പകർന്ന്‌ കൂടെ നിർത്തി. ഭീഷണിക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ സത്യസന്ധമായി സാക്ഷിപറഞ്ഞതിൽ ആശ്വാസം കൊള്ളുകയാണ് അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News