പറമ്പില്‍നിന്ന് ദുര്‍ഗന്ധം,തലയില്‍ മുറിവ്, ആത്മഹത്യയുടെ ലക്ഷണങ്ങളില്ല; പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് സൂചന,ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. അതേസമയം, കസ്റ്റഡിയിലുള്ള ആളെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

മലയാറ്റൂര്‍ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാതായിരുന്നു. തുടര്‍ന്ന് പോലീസും വീട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സെബിയൂരിലെ പറമ്പില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ചൊവ്വാഴ്ച നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.

പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. കല്ലോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് ആക്രമിച്ചാല്‍ ഉണ്ടാകുന്നതരത്തിലുള്ള മുറിവാണിതെന്നും പോലീസ് പറഞ്ഞു. ആത്മഹത്യയുടെ ലക്ഷണങ്ങളില്ലെന്നും പോലീസ് പറയുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News