കോട്ടയം: ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്ന് പൊലീസിനു നിയമോപദേശം. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന നിയമോപദേശം കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു കൈമാറി. കന്യാസ്ത്രീക്കു വേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ് റാഫും കേസില്‍ അപ്പീല്‍ നല്‍കും.
പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നിസ്സാര പൊരുത്തക്കേടുകളുടെ പേരിലാണ് പരാതിക്കാരിയുടെ മൊഴിക്കു വിശ്വാസ്യതയില്ലെന്നു കോടതി വിലയിരുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതില്‍ ഉടന്‍ തന്നെ പ്രോസിക്യൂഷന്‍ തീരുമാനമെടുക്കും. കുറവിലങ്ങാട്ടെ മഠത്തില്‍ എത്തി പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുമായി സംസാരിച്ചിട്ടുണ്ട്.
കന്യാസ്ത്രീ നല്‍കിയ വിവിധ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് വിധിയില്‍കോടതിയുടെ പറയുന്നത്. ബലപ്രയോഗം നടത്തിയെന്ന് ആദ്യ മൊഴിയില്‍ ഇല്ല. പിന്നീട് പരിശോധിച്ച ഡോക്ടറോടും ഇക്കാര്യം പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലെന്ന വിശദീകരണം മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.21 പോയിന്റുകള്‍ അക്കമിട്ടു നിരത്തിയാണ് കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിഭാഗം സമര്‍പ്പിച്ച രേഖകള്‍ കേസ് സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ആദ്യ മൊഴിയില്‍ 13 തവണ ലൈംഗികപീഡനം നടന്നു എന്നു വ്യക്തമാക്കിയിട്ടില്ല. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം മൊഴി നല്‍കിയത്. ബിഷപ്പുമാര്‍ക്ക് അടക്കം ആദ്യം നല്‍കിയ പരാതിയില്‍ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്നു എന്നു മാത്രമാണു വ്യക്തമാക്കിയത്. എന്നാല്‍ ശാരീരിക പീഡനം നടന്നെന്നു മൊഴി നല്‍കിയ തീയതികള്‍ക്കു ശേഷമാണ് ഈ പരാതികള്‍ നല്‍കിയിരിക്കുന്നതെന്നും കണ്ടെത്തി.
കന്യാസ്ത്രിയുടെ മൊഴിയെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ശേഖരിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റി. കന്യാസ്ത്രീയുടെ മൊഴിയെ മാത്രം ആശ്രയിച്ചാണ് പൊലീസ് മുന്നോട്ടു പോയത്. 13 തവണയും പീഡനം നടന്നത് കോണ്‍വെന്റിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചാണെന്നാണ് കന്യാസ്ത്രീ പറയുന്നത്. ബിഷപ്പുമായി ഇവിടെ വെച്ച് മല്‍പ്പിടുത്തമുണ്ടായി എന്നു പറയുന്നു. ഇത് ആരും കേട്ടില്ല എന്നും പറയുന്നു.
ഇത് വിശ്വാസയോഗ്യമല്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. മുറിക്ക് വെന്റിലേഷനുണ്ട്. തൊട്ടടുത്ത് ഓള്‍ഡ് ഏജ് ഹോമുമുണ്ട്. കോണ്‍വെന്റിലെ തൊട്ടടുത്ത മുറികളില്‍ ആളില്ലായിരുന്നു എന്ന് പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ല എന്നും കോടതി വ്യക്തമാക്കി. കന്യാസ്ത്രീയുടെ മൊഴിയില്‍ നിന്നും വിരുദ്ധമായ മൊഴിയാണ് മഠത്തില്‍ താമസിച്ചിരുന്ന മറ്റൊരു സാക്ഷി നല്‍കിയത്. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. കന്യാസ്ത്രിയുടെ മൊബൈലും ടാപ്ടോപ്പും കേസില്‍ പ്രധാനപ്പെട്ട തെളിവുകളാണ്. ബിഷപ്പ് പലതവണ രാത്രി കന്യാസ്ത്രീയ്ക്ക് മെസ്സേജ് അയച്ചതായി പറയുന്നുണ്ട്. ആ മെസ്സേജ് വന്ന ഫോണ്‍ പിടിച്ചെടുത്ത് പ്രധാനപ്പെട്ട തെളിവായി ഹാജരാക്കുന്നതില്‍ അന്വേഷണസംഘം പരാജയപ്പെട്ടു. ബിഷപ്പിന്റെ ശല്യം സഹിക്കവയ്യാതായതോടെ മൊബൈല്‍ഫോണും സിം കാര്‍ഡും വീട്ടിലേക്ക് അയച്ചുകൊടുത്തെന്നും, പിന്നീട് വീട്ടുകാര്‍ ഇത് ആക്രിക്കാര്‍ക്ക് വിറ്റുവെന്നുമാണ് കന്യാസ്ത്രീ പറഞ്ഞത്.ഒരാളില്‍ നിന്നും ശല്യം ഉണ്ടായാല്‍ ആ സിം നമ്പര്‍ മാറ്റി, വേറൊരു സിം നമ്പര്‍ എടുക്കുകയല്ലേ സാധാരണ ചെയ്യുക. അല്ലാതെ സിംകാര്‍ഡും മൊബൈലും ആക്രിക്കാരന് കൊടുക്കുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു മൊബൈലും സിംകാര്‍ഡും എടുക്കുന്നു. ഇതൊക്കെ എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്ന് കോടതി വിധിന്യായത്തില്‍ ചോദിച്ചു. ഫോണ്‍ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച പറ്റി.
ഫോണില്‍ വന്ന സന്ദേശങ്ങള്‍ ലാപ്ടോപ്പിലേക്ക് മാറ്റിയിരുന്നതായി പറയപ്പെടുന്നു. ആ ലാപ്ടോപ്പ് പിടിച്ചെടുക്കുന്നതിനോ, ഡിജിറ്റല്‍ തെളിവുകള്‍ പ്രധാനതെളിവായി ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായി. ലാപ്ടോപ്പ് കേടായിപ്പോയി എന്ന് പിന്നീട് പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ നഷ്ടമായത് ചെറിയ കാര്യമായി കാണാനാവില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടിലും തിരുത്തലുകള്‍ സംഭവിച്ചു.
ബലാത്സംഗം ചെയ്തു എന്നു പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ കന്യാസ്ത്രീ ബിഷപ്പിന് ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. വളരെ സൗഹൃദപരമായിട്ടുള്ളതാണ് അത്. ബിഷപ്പിന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്. ഇതിന്റെ പകര്‍പ്പുകള്‍ പ്രതിഭാഗം അത് കോടതിയില്‍ ഹാജരാക്കിയിരുന്നു. സംഭവത്തിന് ശേഷം തന്റെയൊരു ലേഖനം കന്യാസ്ത്രീ ബിഷപ്പിനെക്കൊണ്ട് തിരുത്തിച്ചിട്ടുമുണ്ട്.ഈ മെയിലുകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത്, സംഭവം നടന്നത് 2014 മുതല്‍ ആണെങ്കിലും 2016 മാര്‍ച്ച് വരെ ഇരുവരും നല്ല സൗഹാര്‍ദത്തിലായിരുന്നു എന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ബിഷപ്പും കന്യാസ്ത്രീയും പല ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. അതില്‍ ഇരുവരും വളരെ സൗഹാര്‍ദപരമായി ഇടപെടുന്നതായി വീഡിയോയും ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ബലാത്സംഗത്തിന് ഇരയായതിന്റെ ട്രോമയിലാണെങ്കില്‍ എങ്ങനെ ബിഷപ്പിനോട് സൗഹാര്‍ദ്ദത്തോടെ ഇടപെടാനാകുമെന്നും കോടതി ചോദിക്കുന്നു.അതുകൊണ്ടു തന്നെ കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷന്റെ ആരോപണവും പൂര്‍ണ വിശ്വാസയോഗ്യമല്ലെന്ന് കോടതി വിലയിരുത്തുന്നു. കന്യാസ്ത്രീയുടെ ബന്ധു നല്‍കിയ പരാതിയും കോടതി പരിഗണനയില്‍ എടുത്തു. പരാതി നല്‍കുന്നതില്‍ വന്ന കാലതാമസം വിശദീകരിക്കാന്‍ പരാതിക്കാരിക്കു വ്യക്തമായി സാധിച്ചില്ലെന്നും കണ്ടെത്തലുണ്ട്. ഇതു സംബന്ധിച്ചു പ്രതിഭാഗം ഹാജരാക്കിയ ദൃശ്യമാധ്യമത്തിലെ ഇന്റര്‍വ്യൂ സംബന്ധിച്ചും പരാമര്‍ശമുണ്ട്. ബിഷപ്പിനെതിരെ പരാതി നല്‍കിയപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനല്ലേ ബിഷപ് ശ്രമിക്കൂവെന്ന ചോദ്യത്തെ മില്യന്‍ ഡോളര്‍ ചോദ്യം എന്നു കോടതി വിശേഷിപ്പിച്ചു.