കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നീട്ടിവെക്കാന്‍ ഹര്‍ജിയുമായി സര്‍ക്കാര്‍. തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍ സംസ്ഥാനത്താണെന്നും ഒരാള്‍ക്ക് കൊവിഡ് രോഗമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഫെബ്രുവരി 15നാണ് കേസിന്റെ വിസ്താരം പൂര്‍ത്തിയാക്കേണ്ടത്. അഞ്ച് പുതിയ സാക്ഷികളെക്കൂടി വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അനുമതി നേടിയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ കൂടി പശ്ചാത്തലത്തില്‍ വിസ്താരത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. സാക്ഷികളെ വിസ്തരിക്കാന്‍ പത്ത് ദിവസത്തെ സമയമാണ് മുന്‍പ് കോടതി അനുവദിച്ചിരുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞ മൊഴികളില്‍ വൈരുധ്യമുള്ളതായാണ് റിപ്പോര്‍ട്ട്. മൊഴിയിലെ വൈരുധ്യങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ക്രൈം ബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജില്‍ നിന്ന് കൂടുതല്‍ മൊഴി വിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുരാജ് നടത്തിയ പണം ഇടപാടുകള്‍ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലും ഇന്ന് ഉണ്ടാകും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയതായി ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ആദ്യഘട്ടത്തില്‍ തന്നെ മൊഴി നല്‍കിയിരുന്നു.