വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ട് റദ്ദാക്കി

കൊച്ചി: എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ട് ഹൈക്കോടതി റദ്ദാക്കി. എല്ലാ അംഗങ്ങൾക്കും ഇനി മുതൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.

നിലവിൽ എസ്എൻഡിപിയിലെ വോട്ട് രീതി 200 അംഗങ്ങൾ ഉള്ള ശാഖകൾക്ക് ഒരു വോട്ട് എന്നതായിരുന്നു. അതായത് ഓരോ 200 അംഗങ്ങൾക്കും ഒരു വോട്ട്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

ഇത്തരത്തിൽ ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ രീതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ചില ഹർജികൾ കോടതിക്ക് മുന്നിലുണ്ടായിരുന്നു. ഈ ഹർജികൾ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കമ്പനി നിയമം അനുസരിച്ച് 1974ൽ കേന്ദ്ര സർക്കാർ നൽകിയിരുന്ന പ്രത്യേക ഇളവും ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള 1999ലെ ബൈലോ ഭേദഗതിയും റദ്ദാക്കി. കോടതി വിധി അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News