തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാല് ജില്ലകലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർമാർ. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
കൊട്ടിക്കലാശം കഴിഞ്ഞ് ഇന്ന് വൈകിട്ട് ആറ് മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലെ നിരോധനാജ്ഞ. പത്തനംതിട്ടയിൽ നാളെ വൈകിട്ട് ആറ് മണി മുതലാണ് നിരോധനാജ്ഞ. ശനിയാഴ്‌ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കളക്‌ടർമാരുടെ നിർദേശം. നിശബ്‌ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരവുകളിൽ പറയുന്നുണ്ട്.
അതേസമയം, വീറും വാശിയും കത്തിപ്പടരുന്ന കൊട്ടിക്കലാശം ഇന്നുവൈകിട്ട് ആറുമണിക്ക് കഴിയും. തുടർന്ന് നിശബ്ദമായി അവസാന തന്ത്രങ്ങൾ പയറ്റുന്നതിലേക്ക് സ്ഥാനാർത്ഥികളും പാർട്ടികളും തിരിയും. ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കുകയാണ് മൂന്ന് മുന്നണികളും. വനിതകളുൾപ്പെടെ പരമാവധി പ്രവർത്തകരെ മുന്നു കൂട്ടരും എത്തിച്ചിട്ടുണ്ട്. വാദ്യമേളങ്ങളും വെടിക്കെട്ടും സമാപന നിമിഷങ്ങൾക്ക് ആവേശം കൂട്ടി. ആവേശം അതിരുകടക്കാതിരിക്കാൻ വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ എല്ലാ അസംബ്ളി മണ്ഡലങ്ങളിലൂടെയും ഉച്ചയ്ക്ക് മുമ്പായി സ്ഥാനാർത്ഥികൾ ഓട്ടപ്രദക്ഷിണം പൂർത്തിയാക്കി. അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ പ്രമുഖ നേതാക്കളുടെയും ദേശീയ നേതാക്കളുടെയും സാന്നിദ്ധ്യവും ഉണ്ടായിരുന്നു. പരമാവധി വോട്ടർമാരെ വീടുകളിലെത്തി കണ്ട് വോട്ടുറപ്പിക്കാനാവും ഇനിയുള്ള ശ്രമം. സ്ഥലത്തില്ലാത്തവരെ എത്തിക്കാനും വോട്ടിടാൻ പോകാൻ സഹായം വേണ്ടവർക്ക് അതെത്തിക്കാനും സംവിധാനമൊരുക്കും. പണമിറക്കിയുള്ള വോട്ടുപിടിത്തം തടയാൻ കൃത്യമായ നിരീക്ഷണമുണ്ടാവും.
മാർച്ച് 16നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഇക്കുറി ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് ഇടതുമുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് (എം) ആണ്. ഫെബ്രുവരി 12ന് തോമസ് ചാഴികാടന്റെ സ്ഥാനാർത്ഥിത്വം അവർ പ്രഖ്യാപിച്ചു. ഫെബ്രുവരി 26ന് സിപിഐയും 27ന് സിപിഎമ്മും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. മാർച്ച് ഒന്നിന് ബിജെപിയും ആദ്യറൗണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആശയക്കുഴപ്പം കാരണം കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് വൈകിയത്. മാർച്ച് എട്ടുവരെ കാത്തിരിക്കേണ്ടി വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്.