27.1 C
Kottayam
Monday, May 6, 2024

ശരീരം സ്വയം ആൽക്കഹോൾ ഉത്പാദിപ്പിക്കുന്ന അപൂർവാസ്ഥ! മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ കുറ്റവിമുക്തൻ

Must read

ബ്രസല്‍സ്: ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’ (എ.ബി.എസ്) എന്ന അപൂര്‍വ രോഗാവസ്ഥ കോടതിയില്‍ തെളിയിക്കാനായതിന് പിന്നാലെ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ യുവാവിനെ വെറുതെവിട്ടു. ബെല്‍ജിയം ബൂഷ് സ്വദേശിയായ 40-കാരനാണ് ഒടുവില്‍ കേസില്‍നിന്ന് കുറ്റവിമുക്തനായത്.

ശരീരം സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്ന അപൂര്‍വാസ്ഥയാണ് ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’. ലോകത്താകെ ഇരുപതോളം പേര്‍ക്ക് മാത്രമാണ് ഈ രോഗാവസ്ഥയുള്ളതെന്നാണ് റിപ്പോര്‍ട്ട്. ബെല്‍ജിയത്തില്‍ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ പിടിയിലായ 40-കാരനും എ.ബി.എസ്. ആണെന്ന് അഭിഭാഷകര്‍ക്ക് കോടതിയില്‍ തെളിയിക്കാനായതാണ് കേസില്‍ നിര്‍ണായകമായത്. മൂന്ന് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ പരിശോധിക്കുകയും എ.ബി.എസ്. ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കോടതി ഇത് അംഗീകരിച്ചതോടെയാണ് 40-കാരന്‍ കേസില്‍നിന്ന് കുറ്റവിമുക്തനായത്.

മദ്യപിച്ച് വാഹനമോടിച്ചതിന് 2022 ഏപ്രിലിലാണ് ബ്രൂവറി ജീവനക്കാരനായ 40-കാരനെതിരേ പോലീസ് കേസെടുത്തത്. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 0.91 മില്ലിഗ്രാം ആയിരുന്നു റീഡിങ്. തുടര്‍ന്ന് ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 0.71 മില്ലിഗ്രാമും റീഡിങ് കാണിച്ചു.

ബ്രത്ത് അനലൈസറില്‍ 0.22 മില്ലിഗ്രാമില്‍ കൂടുതല്‍ റീഡിങ് കാണിച്ചാല്‍ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കാമെന്നാണ് ബെല്‍ജിയത്തിലെ നിയമം. 2019-ലും സമാനകുറ്റം ചുമത്തി 40-കാരനെതിരേ പോലീസ് കേസെടുത്തിരുന്നു. മദ്യപിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അന്ന് ഇദ്ദേഹത്തിന് പിഴ അടക്കേണ്ടിവന്നു. ഡ്രൈവിങ് ലൈസന്‍സും അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതിനുപിന്നാലെയാണ് 2022-ലും സമാനകേസില്‍ 40-കാരനെ പോലീസ് പിടികൂടിയത്. ‘ഗട്ട് ഫെര്‍മന്റേഷന്‍’ അഥവാ ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’ എന്ന അപൂര്‍വ രോഗാവസ്ഥയാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് കോടതിയില്‍ ബോധ്യപ്പിക്കാനായതോടെയാണ് 40-കാരന് കേസുകളില്‍നിന്ന് മോചനം ലഭിച്ചത്.

കുടലില്‍ ചില പ്രത്യേക ഫംഗസുകള്‍ അമിതമായി വളരുകയും ഇത് കാര്‍ബോഹൈഡ്രേറ്റ്‌സിനെ ആല്‍ക്കഹോളാക്കി മാറ്റുകയും ചെയ്യുന്ന അവസ്ഥയാണ് എ.ബി.എസ്. ഇതുകാരണം രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് വര്‍ധിക്കും. മാത്രമല്ല, മദ്യപിച്ചില്ലെങ്കില്‍ പോലും മദ്യപിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

1952-ല്‍ ജപ്പാനിലാണ് ഇത്തരം രോഗാവസ്ഥ ആദ്യം കണ്ടെത്തിയതെങ്കിലും 1990-ലാണ് ഇതിനെ എ.ബി.എസ്. എന്ന് ഔദ്യോഗികമായി നാമകരണംചെയ്തത്. ഇതുവരെ ലോകത്ത് 20 പേര്‍ക്കാണ് ഇത്തരം രോഗാവസ്ഥ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ബെല്‍ജിയം സ്വദേശിയായ മറ്റൊരാളിലും ഇതേ രോഗാവസ്ഥ നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിനുപുറമേ യു.എസിലെ ഫ്‌ളോറിഡ സ്വദേശിയായ മറ്റൊരു യുവാവിലും എ.ബി.എസ്. നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യത്തിന്റെ മണമുണ്ടെന്ന് പറഞ്ഞ് കോച്ചിങ് സെന്ററില്‍ അധ്യാപകനായ ഇദ്ദേഹത്തിനെതിരേ ചിലര്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ ഇദ്ദേഹത്തെ ക്ലാസില്‍നിന്ന് തിരികെവിളിപ്പിക്കുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് 2012 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പലപ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇദ്ദേഹം ഉത്തരം പറയേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഒടുവില്‍ 2019-ലാണ് എ.ബി.എസ്. എന്ന രോഗാവസ്ഥയാണ് ഇതിന് കാരണമെന്ന് ഇദ്ദേഹത്തിന് മനസിലായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week