കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു എന്ന് നിർമാതാക്കൾ അറിയിച്ചു. അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും സംഘട അറിയിച്ചു.
ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി നിർമ്മാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
‘റോഷാക്ക്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ‘വിലക്ക് മാറ്റിയില്ലേ?’ എന്നായി താരത്തിന്റെ മറുചോദ്യം. ഇല്ലെന്ന മറുപടി വന്നപ്പോൾ തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താൻ അറിഞ്ഞിരുന്നത് എന്നുമായിരുന്നു പ്രതികരണം.
അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആറു മാസത്തേക്ക് വിലക്കിയത്. സംഭവത്തിൽ അവതാരക പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പോലീസിലും പരാതി നൽകിയിരുന്നു. സംഭവത്തിൽ ഭാസിയെ പോലീസ് അറസ്റ്റുചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അവതാരക പോലീസിൽ നൽകിയ പരാതി പിൻവലിക്കുകയായിരുന്നു.