വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിൽ ഇരിക്കുന്ന രീതിയിലേക്കാകും ഇനി പോകുന്നത്,താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി: സുരേഷ് കുമാർ
കൊച്ചി:അഭിനേതാക്കൾ വലിയ തുക പ്രതിഫലം ചോദിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നിർമാതാവ് ജി. സുരേഷ്കുമാർ. വലിയ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കിക്കൊണ്ട് സിനിമയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡ്യൂസർ മരം കുലുക്കിയും നോട്ടടിച്ചുമല്ല പണം കൊണ്ടുവരുന്നതെന്നും കണ്ടന്റ് നന്നായാൽ സിനിമ ഓടും എന്നും അദ്ദേഹം പറഞ്ഞു.
അഭിനേതാക്കളുടെ പ്രതിഫലം വല്ലാതെ കൂടിപ്പോവുകയാണെന്ന് സുരേഷ് കുമാർ പറഞ്ഞു. വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലുള്ള പ്രതിഫലമാണ് അവർ ചോദിക്കുന്നത്. അതൊന്നും കൊടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല മലയാളസിനിമ. അങ്ങനെയുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരാൻ പോകുന്നത്.
അതുമായി ബന്ധപ്പെട്ടുള്ള നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടാകും. ഇത്ര ബജറ്റിൽ കൂടുതലുള്ള ആളുകളെ ഒഴിവാക്കും. ഇതെല്ലാവർക്കും മുന്നറിയിപ്പായാണ് ഇപ്പോൾ പറയുന്നത്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണതെന്നും അദ്ദേഹം പറഞ്ഞു.
തിയറ്ററിൽ കലക്ഷനില്ല. ആളില്ല. 15 ആളുകൾ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേർക്ക് വേണ്ടി തിയറ്ററുകാർ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിർമാതാക്കൾ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം.
ഒരു നടനെ മാത്രം ഇവിടെ ആർക്കും ആവശ്യമില്ല. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാകും. ആളുകൾ കാണും, അഭിനന്ദിക്കും. അതുകൊണ്ട് വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിൽ ഇരിക്കുന്ന രീതിയിലേക്കാകും ഇനി പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്. – സുരേഷ് കുമാർ പറഞ്ഞു.
നിർമാതാവിനൊപ്പം നിൽക്കുന്ന സംവിധായകനും നടനും ഉണ്ടെങ്കിൽ മാത്രമേ ഭാവിയിൽ രക്ഷയുള്ളൂ. അല്ലെങ്കിൽ വീട്ടിലിരിക്കേണ്ടിവരും. വേറെ നിവൃത്തിയില്ലാത്തുകൊണ്ടാണിതെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.