30 C
Kottayam
Friday, May 17, 2024

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച: ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് സഭകൾ, ആരെയും ക്ഷണിച്ചില്ലെന്ന് മുരളീധരൻ

Must read

കൊച്ചി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പ്രധാനപ്പെട്ട സഭാ അധ്യക്ഷന്മാർക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്ന് ആക്ഷേപം. സിറോ മലബാർ, മാർത്തോമാ സഭാ അധ്യക്ഷന്മാർക്ക് കൂടിക്കാഴ്ചക്ക് ക്ഷണമില്ല. ഇതുവരെ ഔദ്യോഗികമായ ക്ഷണം ലഭിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ, മാർത്തോമാ സഭാ നേതൃത്വം അറിയിച്ചു. അതേസമയം, കൂടിക്കാഴ്ചക്കായി ബി.ജെ.പി. ആരേയും ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.

മലങ്കര മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയെ സംഘാടകർ നേരിട്ട് വിളിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണം ലഭിച്ചത് ഫോണിലൂടെ മാത്രമാണ്. എന്നാൽ ഫോണിലൂടെ ക്ഷണിച്ചപ്പോൾ തന്നെ ചെന്നൈയിൽ നേരത്തെ മുൻകൂട്ടി നിശ്ചയിച്ച പിരിപാടി ഉള്ളതിനാൽ അസൗകര്യം അറിയിക്കുകയായിരുന്നുവെന്നും ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു.

എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണം ലഭിച്ചിരുന്നെങ്കിൽ മറ്റൊരു പ്രതിനിധിയെ അയക്കുമായിരുന്നുവെന്നും മാർത്തോമാ സഭ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണം ലഭിച്ചാൽ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്ന് സിറോ മലബാർ സഭയും അറിയിച്ചു.

ബി.ജെ.പി. നേതൃത്വമാണ് സഭാ അധ്യക്ഷന്മാരെ അനൗദ്യോഗികമായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. രണ്ട് പേരൊഴിച്ച് മറ്റെല്ലാ സഭാ അധ്യക്ഷന്മാരും പങ്കെടുക്കുമെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരത്തെ പറഞ്ഞത്. അസൗകര്യം മൂലമാണ് രണ്ട് സഭാ അധ്യക്ഷന്മാർ പങ്കെടുക്കാത്തതെന്നായിരുന്നു വിശദീകരണം.

അതേസമയം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പാർട്ടി പരിപാടി അല്ലെന്നും ബി.ജെ.പി. ആരേയും ക്ഷണിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് താത്പര്യം പറഞ്ഞ സഭാ അധ്യക്ഷന്മാർക്ക് പ്രധാനമന്ത്രി സമയം നൽകുകയായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്.

തിങ്കളാഴ്ച വൈകീട്ട് കൊച്ചയിലെത്തുന്ന പ്രധാനമന്ത്രി രാത്രി ഏഴരയ്ക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ പത്തോളം ക്രൈസ്തവ സഭാ മേലധ്യഷന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സിറോ മലബാര്‍സഭാ തലവനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, യാക്കോബായസഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ്, മലങ്കര കത്തോലിക്ക സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കബാവ, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവ, വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ക്‌നാനായ കത്തോലിക്ക കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യന്‍ പരമാധ്യക്ഷന്‍ മാര്‍ ഔഗിന്‍ കുരിയാക്കോസ് മെത്രാപ്പൊലീത്ത തുടങ്ങിയവരാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week