KeralaNews

ഇനി സിനിമ ചെയ്യണോ എന്ന രണ്ടുവട്ടം ആലോചിക്കും ;ആക്രിക്കച്ചവടം നടത്തി ഞാൻ എന്റെ വീട്ടില്‍ അരിവയ്ക്കും; നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത് !

കൊച്ചി:അന്യഭാഷാ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളും തീയേറ്ററുകളിലെത്തുമ്പോള്‍ കേരളത്തില്‍ വലിയ വിജയമായി തീരാറുണ്ട്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തിലെ ചെറിയ സിനിമ കാണാന്‍ തീയേറ്ററില്‍ ആളെത്തുന്നില്ല. സാന്റാക്രൂസ് എന്ന ചിത്രം ഈയിടെയാണ് റിലീസ് ചെയ്തത്.

ഇപ്പോഴിതാ ചിത്രം തീയേറ്ററുകളില്‍ ഒരാഴ്ച കഴിയുമ്പോള്‍ പ്രേക്ഷകര്‍ കുറയുന്നതിന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത് . ഇനിയൊരു സിനിമ നിര്‍മിക്കുമോ എന്ന് ചോദിച്ചാല്‍, ഇല്ലെന്ന് പറയുന്നില്ലെന്നും എന്നാല്‍ ഇനി രണ്ടാമതൊന്ന് ആലോചിക്കുമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ അവസ്ഥ തുടരുകയാണെങ്കില്‍ എന്തിനാണ് നിര്‍മിക്കുന്നത്. ഷേണായീസ്, ലക്ഷ്മണ തീയേറ്ററുകള്‍ക്ക് സമീപം കപ്പലണ്ടി വിറ്റു ജീവിച്ച ഒരാളാണ് ഞാന്‍. എനിക്ക് വെറും നാലാം ക്ലാസു മാത്രമേ വിദ്യാഭ്യാസമുള്ളൂ. എന്റെ വീട്ടില്‍ ഞാനായിരുന്നു മൂത്ത മകന്‍. 100 രൂപയ്ക്ക് കപ്പലണ്ടി വിറ്റാല്‍ എട്ട് രൂപയാണ് അന്ന് കമ്മീഷന്‍ ലഭിച്ചിരുന്നത്. അതുകൊണ്ട് കുടുംബം പോറ്റിയ ഒരാളാണ് ഞാന്‍. അന്നത്തെ കാലത്ത് തീയേറ്ററുകളിലെ ആള്‍ക്കൂട്ടവും ആര്‍പ്പുവിളിയും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതാണ് ഒരു സിനിമ നിര്‍മിക്കാന്‍ എനിക്ക് പ്രചോദനമായത്.

ഇന്ന് ആക്രിക്കച്ചവടമാണ് തൊഴില്‍. ചെറുതായി തുടങ്ങി, ഇന്ന് പത്ത് പതിനഞ്ച് പേര്‍ക്ക് ജോലി നല്‍കുന്നു. സിനിമയില്‍ നിന്ന് ലാഭമൊന്നുമില്ലെങ്കിലും സാരമില്ല. പരാജയവും വിജയവും ഒരുപാട് കണ്ടതാണ്. റോഡില്‍ ചവറുള്ളേടത്തോളം കാലം ഞാന്‍ എന്റെ വീട്ടില്‍ അരിവയ്ക്കും.

പക്ഷേ തീയേറ്ററുടമകളുടെ അവസ്ഥ അതല്ല. എല്ലാവര്‍ക്കും ഞാന്‍ ജീവിക്കുന്ന പോലെ ജീവിക്കാനാകില്ല. അത് മാത്രമാണ് എന്റെ ആശങ്ക. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം. ഇപ്പോഴും പറയുന്നു, ഒടിടി നല്ലതാണ്. പക്ഷേ സിനിമയ്ക്ക് തീയേറ്ററില്‍ ശ്വസിക്കാന്‍ ഒരു സമയം നല്‍കണമെന്നാണ് അഭിപ്രായം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button