കൊച്ചി: പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ വിനോദസഞ്ചാരികളായെത്തിയ രണ്ട് ജൂത വനികൾക്കെതിരെ കേസ്. ഫോർട്ട് കൊച്ചി പൊലീസാണ് ഓസ്ട്രേലിയൻ വംശജരായ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തത്. മതസ്പർദ്ധ വളർത്തുന്നതിനെതിരായ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസ്. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ പൊലീസ് നിരീക്ഷണത്തിലാകും ഇവർ താമസിക്കുക. ഇവരെ ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കും.
തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പലസ്തീൻ അനുകൂല പോസ്റ്ററുകൾ കീറിയിട്ടതിന് സമീപത്തായാണ് ഈ രണ്ട് സ്ത്രീകൾ നിന്നിരുന്നതായാണ് പ്രചരിച്ച വീഡിയോയിൽ ഉണ്ടായിരുന്നത്. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ പ്രവർത്തകരാണ് പലസ്തീൻ അനുകൂല പോസ്റ്ററുകൾ പതിച്ചിരുന്നത്. പോസ്റ്റർ കീറിയതിൽ യുവതികൾക്കെതിരെ എസ്ഐഒ പ്രവർത്തകരാണ് പരാതി നൽകിയത്. കേസെടുക്കാൻ ആവശ്യപ്പെട്ട് പ്രവർത്തകർ ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.