33.4 C
Kottayam
Tuesday, April 30, 2024

യുഎഇയിലെ കനത്ത മഴയിൽ വിമാന സർവീസുകൾ താളംതെറ്റി ;കേരളത്തിലെ ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി, പ്രതിഷേധം

Must read

കൊച്ചി: യുഎഇയിൽ പെയ്യുന്ന കനത്ത മഴ കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കുന്നു. തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനു വഴിയൊരുക്കി. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. എയർലൈനുകളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും.

കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പെടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകി. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഒമാനിൽ മഴയിൽ മരണം 18 ആയി.

കഴിഞ്ഞ 75 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് രാജ്യം  സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽഐനിലെ ഖതം അശ്ശക് ലയിൽ മാത്രം  24 മണിക്കൂറിനിടെ 254.8 മില്ലിമീറ്റർ മഴ ലഭിച്ചു. ഇവിടെയാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. 1949 മുതലാണ് രാജ്യത്ത് കാലാവസ്ഥ വിശദാംശങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയത്. ഇതിനുശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന മഴ ലഭിക്കുന്നത്. യുഎഇയുടെ കാലാവസ്ഥ ചരിത്രത്തിലെ അസാധാരണ സംഭവമാണ് ചൊവാഴ്ച മുതലുള്ള തോരാ മഴ. അഭൂതപൂർവമായ മഴ രാജ്യത്തിന്റെ ഭൂഗർഭജലശേഖര തോത് വർധിപ്പിക്കുന്നതിനു വലിയതോതിൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

റദ്ദാക്കിയ കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ

∙ ബുധനാഴ്ച പുലർച്ചെ 2.15ന് ദുബായിൽനിന്ന് എത്തേണ്ടിയിരുന്ന ഫ്ലൈദുബായ്
∙ 2.45ന് ദോഹയിൽനിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ
∙ 3 മണിക്ക് ദുബായിൽനിന്ന് എത്തേണ്ടിയിരുന്ന എമിറേറ്റ്സ്
∙ 3.15ന് ഷാർജയിൽനിന്ന് വരേണ്ടിയിരുന്ന എയർ അറേബ്യ
∙ വൈകിട്ട് 5ന് ദുബായിൽനിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ

കൊച്ചിയിൽ‍നിന്ന് യുഎയിലേക്ക് പുറപ്പെടേണ്ടിയിരുന്ന റദ്ദാക്കിയ സർവീസുകൾ 

∙ ബുധനാഴ്ച പുലർച്ചെ 12.05ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്
∙ 3.15ന് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈദുബായിയുടെ ദുബായ്
∙ 3.55ന് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ
∙ 4.05ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദോഹ
∙ 4.30ന് പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സിന്റെ ദുബായ്
∙ ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്
∙ വൈകിട്ട് 6.25ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദുബായ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week