കോഴിക്കോട്: കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതോടെ ഡി കാറ്റഗറിയിലാണ് കോഴിക്കോട് പെരുവയല്‍ പഞ്ചായത്ത്. ഇതോടെ കൂടുതല്‍ ആളുകളെ കൊവിഡ് പരിശോധനയിലേക്ക് ആകര്‍ഷിച്ച് ടി.പി.ആര്‍ നിരക്ക് കുറയ്ക്കാനുള്ള ശ്രമവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടെ വ്യാപാരി വ്യവസായി ഏകോപന സമിതി.
കൊവിഡ് പരിശോധനയ്ക്ക് എത്തുന്നവര്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടിപിആര്‍ ചലഞ്ച്. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിന്റെ പരോക്ഷ പിന്തുണയോടെയാണ് ചലഞ്ച് നടത്തുന്നത്. പഞ്ചായത്ത് നടത്തുന്ന മെഗാ കോവിഡ് പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് സമ്മാനം.
5001 രൂപയാണ് ഒന്നാം സമ്മാനം. തുടരെ മൂന്നാം ആഴ്ചയിലും ടിപിആര്‍ നിരക്ക് കൂടി പഞ്ചായത്ത് ഡി കാറ്റഗറിയിലായതോടെയാണ് പരിശോധന വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. ടിപിആര്‍ കണക്കാക്കുന്ന രീതി അശാസ്ത്രീയമാണെന്ന് വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് അധികൃതരും നിലപാടെടുക്കുന്നുണ്ട്. എന്നാല്‍ ടിപിആര്‍ ചലഞ്ച് പോലുള്ള പരിപാടികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.