News

തോട്ടം തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളിയും നൃത്തം ചെയ്തും പ്രിയങ്ക ഗാന്ധി

അസാം: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പ്രിയങ്ക ഗാന്ധിയും. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് ഇറങ്ങി മീന്‍ പിടിച്ചപ്പോള്‍ അസമില്‍ പ്രിയങ്ക ഗാന്ധി തേയില നുള്ളുന്നവര്‍ക്കൊപ്പമായിരുന്നു.

രണ്ട് ദിവസത്തെ പ്രചരണത്തിനായാണ് പ്രിയങ്ക അസമിലെത്തിയിരിക്കുന്നത്. തോട്ടം തൊഴിലാളികളുമായി സംവദിച്ചും നൃത്തം ചെയ്തുമാണ് പ്രിയങ്ക അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. അസമില്‍ മാര്‍ച്ച് 27നാണ് തിരഞ്ഞെടുപ്പ്. ബിശ്വനാഥിലെ തോട്ടം തൊഴിലാളികളുമായി സംസാരിച്ച പ്രിയങ്ക അവര്‍ക്കൊപ്പം തേയില നുള്ളാനും കൂടി. തേയിലക്കൊട്ട തലയിലൂടെ തൂക്കിയിട്ട് തേയില നുള്ളുന്ന പ്രിയങ്കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തേയില നുള്ളുന്നതെങ്ങിനെയെന്ന് തൊഴിലാളികള്‍ പ്രിയങ്കയ്ക്ക് കാണിച്ചുകൊടുക്കുന്നുമുണ്ട്. തോട്ടം തൊഴിലാളികളില്‍ നിന്നും ഹൃദ്യമായ സ്വീകരണമാണ് പ്രിയങ്കക്ക് ലഭിച്ചത്. പ്രദേശവാസികള്‍ക്കൊപ്പം അവരുടെ പരമ്പരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു. കഴിഞ്ഞ ദിവസം ലാകിംപൂരിലെ ആദിവാസികളായ തൊഴിലാളികള്‍ക്കൊപ്പം അവരുടെ പരമ്പരാഗത നൃത്തരൂപമായ ‘ജുമൂര്‍’ഡാന്‍സ് കളിക്കുന്ന പ്രിയങ്കയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു.

അസമിലെ പ്രധാന വോട്ട് ബാങ്കാണ് പത്ത് ലക്ഷത്തോളം വരുന്ന ഈ തേയിലത്തൊഴിലാളികള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് മറിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button