ലക്‌നൗ: സീതാപൂരില്‍ തടവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്തു. ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് യുപി പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. രാഷ്ട്രീയ നേതാക്കളെ ലഖിംപൂരിലേക്ക് ഒരുകാരണവശാലും കടത്തിവിടില്ലെന്നുറപ്പിച്ചാണ് യുപി പൊലീസിന്റെ നീക്കങ്ങള്‍. 28 മണിക്കൂറായി എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ തന്നെ തടവിലാക്കിയിരിക്കുകയാണെന്ന് പറഞ്ഞ് പ്രിയങ്കാ ഗാന്ധി തന്നെ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പ്രധാനനമന്ത്രി മറുപടി പറയണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനം ഇടിച്ചുകയറി നാല് കര്‍ഷകര്‍ അടക്കം എട്ട് പേര്‍ മരിച്ച ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ എത്തിയതായിരിന്നു പ്രിയങ്ക. അര്‍ധരാത്രിയില്‍ ലഖിംപൂര്‍ ഖേരിയിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രിയങ്ക കാല്‍നടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവര്‍ത്തകരും പ്രിയങ്കയ്‌ക്കൊപ്പം നടന്നു. പിന്നീട് വാഹനത്തില്‍ പോകാന്‍ പ്രിയങ്കയ്ക്ക് പോലീസ് അനുവാദം നല്‍കി. എന്നാല്‍, ലഖിംപൂര്‍ ഖേരിയില്‍ എത്തും മുന്‍പ് പ്രിയങ്കയെ പോലീസ് തടഞ്ഞ് സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് തടവില്‍പാര്‍പ്പിച്ച പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയായിരിന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നെന്നാണ് ആരോപണം. അപകടത്തില്‍ എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കര്‍ഷര്‍ പ്രദേശത്ത് ഹെലിപാഡില്‍ തടിച്ചുകൂടിയിരുന്നു.
അതേസമയം, വാഹനവ്യൂഹത്തില്‍ തന്റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘അപകടത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കര്‍ഷകര്‍ കല്ലെറിയുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ അതിനടിയില്‍പ്പെട്ടാണ് രണ്ട് പേര്‍ മരിച്ചത്’. അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
അതേസമയം വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. സംഭവം ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതിനിടെ ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ലഖ്നൗ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. ലഖിംപൂര്‍ഖേരിയിലേക്ക് പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധിക്കുന്നത്.