വീടിന് മുന്നില്‍ രക്തക്കറയും തലമുടിയും കണ്ടെന്ന് പ്രതിയുടെ ഭാര്യാമാതാവിൻ്റെ സംശയം; ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകം, പ്രിയംവദയുടെ മരണത്തിൽ വിനോദ് കുടുങ്ങിയതിങ്ങനെ

തിരുവനന്തപുരത്ത് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; അയല്‍വാസി കസ്റ്റഡിയിൽ

തിരുവനന്തപുരം: വെള്ളറടയില്‍ യുവതിയുടെ തിരോധാനം കൊലപാതകമാണെന്ന് പുറംലോകം അറിയുന്നത് പ്രതിയുടെ ഭാര്യമാതാവ് സംശയം ഉന്നയിച്ചതിന് പിന്നാലെ. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെയാണ് കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് ഇതിനിടെയാണ് പ്രിയംവദയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായും സമീപവാസിയായ സരസ്വതി വെളിപ്പെടുത്തുന്നത്. മാവുവിള പള്ളിവികാരിയോടാണ് സരസ്വതി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. തുടര്‍ന്നാണ് സരസ്വതിയുടെ മരുമകന്‍ വിനോദിനെ ചോദ്യം ചെയ്യുന്നത്. പ്രിയംവദയെ കൊന്ന് കുഴിച്ചിട്ടതായി വിനോദ് സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കുഴിച്ചിടാന്‍ വിനോദിനെ സഹായിച്ചുവെന്ന് പറയുന്ന സഹോദരന്‍ നെയ്യാറ്റിന്‍കര സ്വദേശി സന്തോഷും പോലീസ് കസ്റ്റഡിയിലാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പ്രിയംവദ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുണ്ട്. പെണ്‍മക്കള്‍ രണ്ടു പേരും വിവാഹിതരാണ്. ഒരാള്‍ വിദേശത്താണെന്നാണ് വിവരം. ജൂണ്‍ 12ന് ജോലിക്ക് പോയെന്ന് കരുതിയ പ്രിയംവദ തിരിച്ചു വന്നില്ല.

മക്കള്‍ പലപ്പോഴായി ഫോണ്‍ ചെയ്തുവെങ്കിലും ഫോണ്‍ ആരും എടുത്തില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രിയംവദയെ കാണാനില്ലെന്ന വിവരം അയല്‍ക്കാരും ബന്ധുക്കളും അറിഞ്ഞിരുന്നു. രക്തവും മുടിയും കണ്ടുവെന്ന വിവരം സരസ്വതി വെളിപ്പെടുത്തിയതും പ്രിയംവദയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.

പ്രിയംവദയുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സരസ്വതിയുടെ പുരയിടത്തില്‍ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് പ്രതി വിനോദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News