ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മകന്റെ വിവാഹം മാറ്റിവെച്ചെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തിലാണിതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ അവ്‌നെറിന്റെയും പങ്കാളി അമിത് യാര്‍ദേനിയുടെയും വിവാഹം തിങ്കളാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മറ്റൊരു ദിവസത്തേക്ക് വിവാഹം മാറ്റുകയായിരുന്നു.
മാത്രമല്ല, ഇസ്രയേല്‍ പൗരന്മാര്‍ ഇപ്പോഴും ഗാസയില്‍ ബന്ദികളായി തുടരുന്നതിനിടെ നെതന്യാഹു കുടുംബം വിവാഹ ആഘോഷങ്ങളിലേക്ക് കടക്കുന്നതിനെതിരേ നേരത്തെ തന്നെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതും വിവാഹം മറ്റൊരു തീയതിയിലേക്ക് മാറ്റാന്‍ കാരണമായെന്നാണ് വിവരം.
ഇത് രണ്ടാംതവണയാണ് അവ്‌നെറിന്റെ വിവാഹം മാറ്റിവെക്കുന്നത്. അവ്‌നെര്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകൊല്ലം വിവാഹം മാറ്റിവെച്ചിരുന്നു. നെതന്യാഹുവിന്റെ മൂന്നുമക്കളില്‍ ഇളയ ആളാണ് അവ്‌നെര്‍.


