കൊച്ചി:സ്വന്തം സിനിമകളില്‍ ഉപയോഗിക്കുന്നതുപോലെ തന്നെ അഭിമുഖങ്ങളിലും ആക്ഷേപഹാസ്യം മൂര്‍ച്ഛയോടെ ഉപയോഗിക്കുന്ന ആളാണ് ശ്രീനിവാസന്‍. സഹപ്രവര്‍ത്തകരെക്കുറിച്ച് അദ്ദേഹം പലപ്പോഴായി തമാശകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകള്‍ ഏറെ മൂര്‍ച്ഛയുള്ളവയായിരുന്നു.
പ്രേംനസീര്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രത്തില്‍ മോഹന്‍ലാലിനെയാണ് നായകനായി ആലോചിച്ചിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തിന് അതില്‍ താല്‍പര്യമില്ലായിരുന്നെന്നുമൊക്കെ ശ്രീനിവാസന്‍ പറഞ്ഞു. സമീപകാലത്ത് ഒരു വേദിയില്‍ വച്ച് കണ്ടപ്പോള്‍ മോഹന്‍ലാല്‍ തന്നെ ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്റ്റര്‍ ആണെന്ന് മനസിലായെന്നും ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ശ്രീനിക്കും മോഹന്‍ലാലിനും ഇടയിലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍.
ട്രേഡ‍് അനലിസ്റ്റ് ശ്രീധര്‍ പിള്ളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. “രണ്ട് പേരും എന്‍റെ പ്രിയ സുഹൃത്തുക്കള്‍ ആണ്. എന്‍റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സില്‍ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യര്‍ അത് ചെയ്യണമെന്നാണ് എന്‍റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്‍റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്ക് അറിയില്ല.
ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഞാന്‍ അതില്‍ ഒരു അഭിപ്രായം പറയുന്നത് ശരിയല്ല. സത്യന്‍ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു. ഇതില്‍ മോഹന്‍ലാല്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല.
അതാണ് ഇതിലെ നല്ല വശം. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹന്‍ലാലിന് ശ്രീനിവാസനെ അറിയാം”, പ്രിയദര്‍ശന്‍ പറയുന്നു.