തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന വ്യാപക പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്നും ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചത്.
ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
അറിയിപ്പ്
സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി. നവംബർ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും പരീക്ഷകൾ നടക്കുക.