കെ-സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടതിന് പിന്നില്‍ സ്വകാര്യ ബസ് ലോബി; ഗുരുതര ആരോപണവുമായി കെ.എസ്.ആര്‍.ടി.സി എം.ഡി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സര്‍വീസ് തുടങ്ങിയ കെ.എസ്.ആര്‍.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകര്‍. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആര്‍ടിസി എം.ഡി പറയുന്നത്.

തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫ്‌ളാഗ്ഓഫ് ചെയ്ത ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിട്ടുണ്ട്. ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പിലാണുള്ളത്.

ഇന്നലെ വൈകുന്നേരമാണ് കെ എസ് ആര്‍ ടി സി യുടെ അഭിമാന പദ്ധതിയായ കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് കെ സ്വിഫ്റ്റിലെ കൂടുതല്‍ ബസുകളും ഉപയോഗിക്കുക.

സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ 99 ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുന്നത്. 99 ബസുകളില്‍ 28 എണ്ണം എ.സി ബസുകളാണ്. ഇതില്‍ ഏട്ട് എണ്ണം എ സി സ്ലീപ്പറും. 20 ബസുകള്‍ എ സി സെമി സ്ലീപ്പറുകളാണ്. കെ എസ് ആര്‍ ടി സി യെ നവീകരിക്കാനുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ സംരംഭമാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ലിമിറ്റഡ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News