ബുധുനാഴ്ച സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് അജ്ഞാതര്‍ അടിച്ച് തകര്‍ത്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് രാത്രിയില്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളുടെയും എം.എം.ആര്‍ ഗ്രൂപ്പിന്റെ ഒരു ബസിന്റെയും ചില്ലുകളാണ് തകര്‍ത്തത്. മാവൂര്‍ പി.ഡബ്ല്യു.ഡി ഓഫിസിന് മുമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ഈ ബസുകള്‍.

കൂടാതെ വ്യാഴാഴ്ച മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ച ബനാറസിന്റെ രണ്ട് ബസുകളും തകര്‍ത്തിട്ടുണ്ട്. ഇതില്‍ ഒന്ന് ടൂറിസ്റ്റ് ബസാണ്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി നിര്‍ത്തിയിട്ട ബസുകളാണ് ആക്രമിക്കപ്പെട്ടത്. കല്ലെറിഞ്ഞും അടിച്ചുമാണ് ചില്ലുകള്‍ തകര്‍ത്തത്.

ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ് സംഘടനകളുടെ എതിര്‍പ്പ് മറി കടന്നാണ് ഈ ബസുകള്‍ ബുധനാഴ്ച സര്‍വീസ് നടത്തിയത്. അതിനാല്‍ തന്നെ ഈ സംഘടനയില്‍പെട്ട ബസുടമകളുടെയോ തൊഴിലാളികളുടെയോ ഭാഗത്തു നിന്നാവാം ആക്രമണമുണ്ടായതെന്നാണ് തകര്‍ക്കപ്പെട്ട ബസിന്റെ ഉടമകളും തൊഴിലാളികളും കരുതുന്നത്. സംഭവത്തില്‍ ബസുടമകള്‍ മാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News