KeralaNews

വിൽക്കാനുണ്ട് പൃഥ്വിരാജിന്റെ ലംബോർഗിനി

കൊച്ചി:പൃഥ്വിരാജ് സുകുമാരൻ ലംബോർഗിനിയുടെ എസ്‍യുവി ഉറുസ് വാങ്ങിയത് അടുത്തിടെയാണ്.  ലംബോർഗിനിയുടെ തന്നെ ഹുറാക്കാൻ എക്സ്ചേഞ്ച് ചെയ്താണ് പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്ന് പൃഥ്വിരാജ് ഉറുസ് വാങ്ങിയത്. കേരള റജിസ്ട്രേഷനിലുള്ള ഉറുസ് പൃഥ്വിരാജ് സ്വന്തമാക്കിയതോടെ, പുതിയ ഉടമയെ കാത്തിരിക്കുകയാണ് കേരളത്തിലെ ഏറ്റവും പ്രശസ്ത ഹുറാക്കാൻ.

വില പരസ്യമാക്കുന്നില്ലെങ്കിലും റോയൽ ഡ്രൈവിന്റെ കൊച്ചി ഷോറൂമിന്റെ തലയെടുപ്പാണ് ലംബോർഗിനിയുടെ ഈ കാളക്കൂറ്റൻ. വെറും 1272 കിലോമീറ്റർ മാത്രമേ ഈ സൂപ്പർ കാർ സഞ്ചരിച്ചിട്ടുള്ളൂ എന്നാണ് റോയൽ ഡ്രൈവ് പറയുന്നത്. ലംബോർഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ എല്‍പി 580 എന്ന റിയർവീൽ ഡ്രൈവ് മോഡലാണ് ഇത്.

5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ സൂപ്പർകാറിൽ. 572 ബിഎച്ച്പി കരുത്തും 540 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 7 സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.

ഇതു കൂടാതെ ഓള്‍ വീല്‍ ഡ്രൈവ് എല്‍പി 610 എന്ന മോഡലും ഹുറാകാനുണ്ട്. 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിൻ തന്നെ ഉപയോഗിക്കുന്ന വാഹനത്തിന്റെ കരുത്ത് 640 ബി എച്ച് പിയും ടോർക്ക് 600 എന്‍എമ്മുമാണ്. 

കേരളത്തിലെ ഏറ്റവും വലിയ പ്രീ ഓൺഡ് ലക്‌ഷ്വറി കാർ ഡീലറാണ് റോയൽ ഡ്രൈവ്. 2015 ൽ മലപ്പുറത്ത് ആരംഭിച്ച റോയൽ ഡ്രൈവിന് നിലവിൽ കോഴിക്കോട്, മലപ്പുറം, കൊച്ചി നഗരങ്ങളിൽ ഷോറൂമുകളുണ്ട്. 25 ലക്ഷം രൂപ മുതലുള്ള പ്രീമിയം സെക്കൻഡ് ഹാൻഡ് കാറുകൾ റോയൽ ഡ്രൈവിലുണ്ട്. ആഡംബരവാഹനങ്ങൾ സ്വന്തമാക്കാനെത്തുന്നവർക്ക് ബാങ്കുകളുമായി ചേർന്ന് ലോൺ സൗകര്യവും റോയൽ ഡ്രൈവ് ഒരുക്കുന്നുണ്ട്. ആഡംബര ബൈക്കുകളും റോയൽ ഡ്രൈവിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button