ദുബായ്: ‘വാരിയംകുന്നന്‍’ സിനിമയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടന്‍ പൃഥ്വിരാജ്. താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ലെന്നും അവരാണ് അതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഛായാഗ്രഹകന്‍ രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമം സിനിമ യു.എ.ഇയില്‍ റിലീസാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വ്യക്തിജീവിതത്തിനും പ്രൊഫഷനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേരെ സൗകര്യപൂര്‍വം കണ്ണടക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറെന്നും തന്റെ ജീവിതവും തൊഴില്‍മേഖലയും അതാണ് തന്നെ പഠിപ്പിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു.
വാരിയന്‍കുന്നനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വി രാജിന്റെ മറുപടി.
വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും പിന്മാറിയിരുന്നു. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞിരുന്നു. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു ആഷിഖ് അബു അറിയിച്ചത്. സിക്കന്ദറും മൊയ്ദീനുമായിരുന്നു സിനിമ നിര്‍മ്മിക്കാനിരുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥ.
പിന്നാലെ വിവാദങ്ങളെ തുടര്‍ന്ന് തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്ന് റമീസിനെ മാറ്റിയിരുന്നു. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെയും സംവിധായകന്‍ ആഷിഖ് അബുവിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.