തിരുവനന്തപുരം: ജയിലില്‍ നിന്നിറങ്ങുന്ന ആലംബഹീനര്‍ക്ക് താങ്ങാവാന്‍ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ‘തണലിടം’ എന്ന സ്ഥാപനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം ജില്ലയിലെ വാളകത്ത് ആരംഭിച്ച ഹോമിന്റെ നടത്തിപ്പ് ചുമതല പത്തനാപുരം ഗാന്ധി ഭവന്‍ എന്ന സന്നദ്ധ സംഘടനക്കാണ്. സാമൂഹ്യ നീതി വകുപ്പിന്റെ ‘നേര്‍വഴി’ പദ്ധതിയില്‍പ്പെടുത്തിയാണ് സ്ഥാപനത്തിനാവശ്യമായ തുക കണ്ടെത്തിയത്. കൊറോണക്കാലത്ത് ജയില്‍ വകുപ്പ് നല്‍കിയ പ്രത്യേക പരോളില്‍ പുറത്തിറങ്ങിയവര്‍ക്കും തണലിടത്തില്‍ താമസിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബമോ ബന്ധുമിത്രാദികളോ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതും ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കീഴില്‍ നല്ലനടപ്പില്‍ കഴിയുന്നവരുമായ പ്രൊബേഷണര്‍മാര്‍, താമസിക്കാന്‍ സ്ഥലമില്ലാത്ത ജയില്‍ മോചിതര്‍, കേസില്‍പ്പെട്ടതിന് ശേഷം താമസിക്കാന്‍ ഇടമില്ലാതെ വിചാരണ നേരിടുന്നവര്‍, ജയിലില്‍ നിന്നും വിവിധ അവധികള്‍ക്കായി പുറത്തിറങ്ങുന്നവര്‍ തുടങ്ങിയവരെ സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കാന്‍ സാധിക്കുന്നതുവരെ അതായത് താത്കാലികമോ സ്ഥിരമോ ആയ താമസസൗകര്യം ഉണ്ടാകുന്നതുവരെ താമസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇടക്കാല സംരക്ഷണ കേന്ദ്രമാണ് തണലിടം പ്രൊബേഷന്‍ ഹോം.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കോട്ടയം ജില്ലക്കാരനായ 59 വയസുകാരനാണ് തണലിടത്തെ ആദ്യ താമസക്കാരന്‍. ഹൃദ്രോഗിയായ ഇദ്ദേഹത്തിന് സ്വന്തക്കാരായി ആരും ബാക്കിയില്ലാതെ എങ്ങോട്ട് പോവുമെന്നറിയാതെ നിന്നപ്പോഴാണ് സാമൂഹ്യനീതി വകുപ്പ് തുണയായത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 56 ഉം 25 ഉം വയസുള്ള ജയില്‍ മോചിതരും കൊല്ലം ജില്ലയില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കീഴില്‍ നല്ലനടപ്പില്‍ കഴിയുന്ന 22 വയസുകാരനും തണലിടത്തിലേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൊറോണക്കാലമായതിനാല്‍ പോലീസ് സഹായത്തോടെ ഇവരെ ഉടന്‍ തണലിടത്തില്‍ എത്തിക്കും.
കിടപ്പുരോഗികളോ, മാനസിക രോഗികളോ അല്ലാത്ത, ദൈനംദിന കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയുന്ന 18-70 പ്രായപരിധിയിലുള്ള പുരുഷന്മാര്‍ക്കാണ് ഇപ്പോള്‍ തണലിടം ഒരുക്കിയിരിക്കുന്നത്. ആലംബഹീനരായ സ്ത്രീകള്‍ക്കായി വനിതാ ശിശു വികസന വകുപ്പിന്റെ മഹിള മന്ദിരങ്ങള്‍ നിലവിലുണ്ട്. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരുടെ അല്ലെങ്കില്‍ ജയില്‍ സൂപ്രണ്ടുമാരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ‘തണലിടം’ ഹോം മാനേജര്‍ ആണ് താല്‍ക്കാലികമായി താമസക്കാരെ പ്രവേശിപ്പിക്കുക. ‘തണലിടം’ ഹോമിലേക്കുള്ള പ്രവേശന സ്ഥിരീകരണം നല്‍കേണ്ടത് കൊല്ലം ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കണ്‍വീനറുമായുള്ള പ്രൊബേഷന്‍ ഉപദേശക സമിതിയാണ്.
തണലിടത്തില്‍ എത്തുന്ന ഓരോരുത്തരുടെയും കഴിവും ദൗര്‍ബല്യവും മനസിലാക്കി പ്രത്യേക വ്യക്തിഗത ശ്രദ്ധാ പദ്ധതി (Individual Care Plan) രൂപീകരിച്ച് സമൂഹത്തില്‍ പുനരധിവസിപ്പിക്കുകയും വീണ്ടും കേസില്‍പ്പെടാതെ നോക്കുകയും ചെയ്യുക എന്നതാണ് സാമൂഹ്യനീതി വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി തൊഴില്‍ പരിശീലനവും തൊഴിലിടവും ഇവിടെ ഒരുക്കും. ഇവിടെയെത്തുന്ന ഓരോരുത്തര്‍ക്കും സ്വന്തം വീട്, തൊഴില്‍, കുടുംബം തുടങ്ങി സാമൂഹ്യ പുനരേകീകരണത്തിനായുള്ള വിവിധ സംവിധാനങ്ങള്‍ മറ്റു വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഭാവിയില്‍ ഒരുക്കുക എന്നതാണ് ഉദ്ദേശം. ഇതിനായി എം.എസ്.ഡബ്ല്യു. പൂര്‍ത്തിയാക്കിയ സോഷ്യല്‍ വര്‍ക്കര്‍മാരെയും ഇവിടെ നിയമിക്കും.